ലഖ്നൗ: ഉത്തർപ്രദേശിലെ ഫൈസാബാദിൽ ഡെപ്യൂട്ടി ബാങ്ക് മാനേജർ തൂങ്ങിമരിച്ചനിലയിൽ. ഫൈസാബാദിലെ പഞ്ചാബ് നാഷണൽ ബാങ്കിൽ ജോലിചെയ്യുന്ന ലഖ്നൗ രാജാജിപുരം സ്വദേശി ശ്രാദ്ധ ഗുപ്ത(32)യെയാണ് താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം.
ഇവരുടെ വീട്ടിൽനിന്ന് ഒരു ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തിട്ടുണ്ട്. ഇതിൽ രണ്ട് പോലീസുകാരുടെ പേരുകളും മറ്റുചിലരുടെ പേരുകളും ആത്മഹത്യയ്ക്ക് കാരണമായി സൂചിപ്പിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് അന്വേഷണം തുടരുകയാണെന്ന് അയോധ്യ സീനിയർ പോലീസ് സൂപ്രണ്ട് ശൈലേഷ് പാണ്ഡെ പറഞ്ഞു.
തന്റെ ആത്മഹത്യയ്ക്ക് കാരണക്കാരായി ഒരു പോലീസ് ഉദ്യോഗസ്ഥന്റെയും കോൺസ്റ്റബിളിന്റെയും പേരുകളാണ് യുവതി കുറിപ്പിൽ എഴുതിയിരിക്കുന്നത്. മറ്റുചിലരുടെ പേരുകളും കുറിപ്പിലുണ്ട്. എന്നാൽ ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)
Discussion about this post