മുംബൈ : നടപടികള്‍ വൈകിയതിനാല്‍ ഇന്നലെ ഒരു ദിവസം കൂടി ജയില്‍വാസം അനുവഭിക്കേണ്ടി വന്നെങ്കിലും ആര്യന് ഖാന് ഇന്ന് ജയില്‍ മോചിതനാകും. വ്യാഴാഴ്ച ജാമ്യം അനുവദിച്ചിട്ടും ബെയില്‍ ഓര്‍ഡര്‍ എത്തുന്നതുള്പ്പടെ വൈകിയതിനാല്‍ ഇന്നലെ കൂടി ജയിലില്‍ കഴിയേണ്ടി വരികയായിരുന്നു.
രാവിലെ ഷാറൂഖ് ഖാന് ആര്‍തര്‍ റോഡ് ജയിലിലേക്ക് തിരിച്ചതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വെള്ളിയാഴ്ച ജാമ്യ നടപടികള്‍ പൂര്‍ത്തിയാക്കി രേഖകള്‍ ജയിലില്‍ വൈകിട്ട് 5.30ന് മുമ്പ് സമര്‍പ്പിക്കാന്‍ അഭിഭാഷകര്‍ക്ക് കഴിയാതിരുന്നതോടെയാണ് മോചനം ഒരു ദിവസം വൈകിയത്.ആര്യനെ സ്വീകരിക്കാന്‍ ഷാറൂഖ് ഇന്നലെ ബാന്ദ്രയില്‍ നിന്ന് പുറപ്പെട്ടിരുന്നുവെങ്കിലും നിരാശനായി മടങ്ങുകയായിരുന്നു. ഷാറൂഖിന്റെ കുടുംബസുഹൃത്തും ബോളിവുഡ് നടിയുമായ ജൂഹി ചൗളയാണ് ആര്യന് വേണ്ടി ജാമ്യം നിന്നത്.
ആഡംബരക്കപ്പലിലെ ലഹരിവിരുന്നുമായി ബന്ധപ്പെട്ട കേസില്‍ ഈ മാസം രണ്ടിനാണ് ആര്യന് ഖാനെയും സുഹൃത്തുക്കളായ അര്‍ബാസ് മെര്‍ച്ചന്റ്, മുണ് മുണ് ധമേച്ച എന്നിവരെയും എന്‍സിബി അറസ്റ്റ് ചെയ്തത്. എട്ടാം തീയതി മുതല്‍ ആര്‍തര്‍ റോഡ് ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്നു ഇവര്‍. ആര്യനൊപ്പം അര്‍ബാസിനും മുണ് മുണിനും കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്. 14 വ്യവസ്ഥകളോടെയാണ് ബോംബെ ഹൈക്കോടതി ജാമ്യം നല്‍കിയിരിക്കുന്നത്.
Discussion about this post