ബംഗളൂരു: കന്നഡ സിനിമാലോകത്തെ മാത്രമല്ല മുഴുവൻ സിനിമാ ആരാധകരേയും കണ്ണീരിലാഴ്ത്തിയാണ് കന്നഡ സൂപ്പർസ്റ്റാർ പുനീത് രാജ്കുമാറിന്റെ വിയോഗ വാർത്തയെത്തിയത്. അദ്ദേഹം വിടവാങ്ങിയെന്ന വാർത്ത ഇനിയും സിനിമാലോകത്തിന് ഉൾക്കൊള്ളാനായിട്ടില്ല.
സാൻഡൽവുഡിലെ ‘പവർ സ്റ്റാർ’ ആയിരുന്നു പുനീത്. ഹൃദയാഘാതത്തെ തുടർന്ന് പ്രിയതാരത്തെ പ്രവേശിപ്പിച്ചതറിഞ്ഞ് ബംഗളൂരു വിക്രം ആശുപത്രിയ്ക്കു മുന്നിൽ ആയിരക്കണക്കിന് ആരാധകരാണ് തടിച്ചുകൂടിയത്.
മരണവാർത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചതോടെ അന്തരീക്ഷത്തെ നടുക്കി പൊട്ടിക്കരച്ചിലുകളും നിലവിളിയും ഉയർന്നു. അതേസമയം പുനീതിന്റെ ആഗ്രഹപ്രകാരം അദ്ദേഹത്തിന്റെ കണ്ണുകൾ ദാനം ചെയ്തെന്ന വിവരവും പുറത്തെത്തിയിട്ടുണ്ട്. നയനനേത്രാലയയ്ക്കാണ് പുനീതിന്റെ കണ്ണുകൾ ദാനം ചെയ്തിരിക്കുന്നത്.
ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ പൊതുദർശനത്തിനായി എത്തിച്ചിരിക്കുകയാണ് പുനീതിന്റെ ഭൗതികശരീരം. താരത്തിന് വിടചൊല്ലലേകുന്ന വിലാപയാത്രയിലും പൊതുദർശനത്തിലും വമ്പൻ താരങ്ങളടക്കം ആയിരങ്ങളാണ് പങ്കെടുക്കുന്നത്. വൻ സുരക്ഷാക്രമീകരണങ്ങളാണ് സംസ്ഥാന സർക്കാർ ഒരുക്കിയിരിക്കുന്നത്.
മരണവാർത്തയ്ക്കു പിന്നാലെ സംസ്ഥാനത്തെ തീയ്യേറ്ററുകൾ അടച്ചിടാനും നിർദേശം കൊടുത്തിട്ടുണ്ട്. കന്നഡയ്ക്ക് പുറമെ ഇതരഭാഷാ സിനിമകളുമായും അവിടുത്തെ താരങ്ങളുമായും ഊഷ്മളമായ സൗഹൃദം സൂക്ഷിച്ചിരുന്ന പുനീതിന്റെ വിയോഗത്തിൽ സമൂഹമാധ്യമങ്ങളിലും അനുശോചന പ്രവാഹമാണ്.
മലയാള താരങ്ങളായ മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജ്, ടൊവീനോ തോമസ്, തുടങ്ങിയ പ്രമുഖരും ചിരഞ്ജീവി, മഹേഷ് ബാബു, മാധവൻ, ജൂനിയർ എൻടിആർ, ആര്യ, വിശാൽ തുടങ്ങിയ തെന്നിന്ത്യയിലെ സൂപ്പർതാരങ്ങളും കന്നഡ താരത്തിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി.
Discussion about this post