മുംബൈ: മുംബൈ ആഡംബര കപ്പലിലെ മയക്കുമരുന്ന് പാർട്ടിയുമായി ബന്ധപ്പെട്ട കേസിൽ ആര്യൻ ഖാന് ജാമ്യം ലഭിച്ചതിന് പിന്നാലെ ഷാരൂഖ് ഖാന്റെ ഡയലോഗുമായി മഹാരാഷ്ട്ര മന്ത്രിയും എൻസിപി നേതാവുമായ നവാബ് മാലിക്. സൂപ്പർ ഹിറ്റ് ചിത്രമായ ഓം ശാന്തി ഓമിലെ ‘പിക്ചർ അഭി ബാക്കി ഹേ മേരേ ദോസ്ത്’ എന്ന പ്രശസ്തമായ ഡയലോഗാണ് മാലിക്ക് ട്വീറ്റ് ചെയ്തിരിക്കുന്നത്.
നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ സോണൽ ഡയറക്ടർ സമീർ വാങ്കഡെയെ ലക്ഷ്യം വെച്ചാണ് മഹാരാഷ്ട്ര മന്ത്രിയുടെ ട്വീറ്റ്. ആര്യൻ ഖാനും സുഹൃത്ത് അർബാസ് മെർച്ചൻറിനും മൂൺമൂൺ ധമേച്ചക്കുമെതിരായത് തട്ടിപ്പ് കേസാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
കേസിൽ അറസ്റ്റിലായി 25 ദിവസത്തിന് ശേഷമാണ് ആര്യൻ ഖാന് ജാമ്യം ലഭിച്ചത്. ആര്യനെ അറസ്റ്റ് ചെയ്ത എൻസിബി സംഘത്തിന്റെ തലവനായ സമീർ വാങ്കഡെക്കെതിരെ നിരവധി ആരോപണങ്ങളുമായി മാലിക്ക് രംഗത്തെത്തിയിരുന്നു. വാങ്കഡെക്ക് അന്താരാഷ്ട്ര മയക്കുമരുന്ന് മാഫികളുമായി ബന്ധമുണ്ടെന്നും ഷാരൂഖ് ഖാനിൽ നിന്ന് പണം തട്ടാനാണ് ഇയാളുടെ നീക്കമെന്നും മാലിക്ക് ആരോപിച്ചിരുന്നു.
ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുത്തിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിൽ ദീപിക പദുകോൺ ഉൾപ്പെടെയുള്ള ബോളിവുഡ് താരങ്ങളിൽനിന്ന് സമീർ വാങ്കഡെ പണം വാങ്ങിയെന്നും മാലിക് ആരോപിച്ചിരുന്നു.
Discussion about this post