ന്യൂഡല്‍ഹി : ചൈനയുടെ പുതിയ അതിര്‍ത്തി നിയമത്തില്‍ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ. അതിര്‍ത്തി പ്രദേശങ്ങളുടെ സംരക്ഷണം സംബന്ധിച്ച് ചൈന അടുത്തിടെ തയ്യാറാക്കിയ പുതിയ നിയമത്തിലാണ് ഏകപക്ഷീയമായ നീക്കം എന്ന് വിശേഷിപ്പിച്ച് ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചത്.
ഇന്ത്യ-ചൈന അതിര്‍ത്തി പ്രദേശങ്ങളിലെ സാഹചര്യങ്ങള്‍ ഏകപക്ഷീയമായി മാറ്റാന്‍ സാധിക്കുന്ന ഈ നിയമത്തിന്റെ മറവില്‍ അതിര്‍ത്തിയില്‍ ചൈന എന്തെങ്കിലും തരത്തിലുള്ള പ്രകോപനം ഉണ്ടാക്കില്ലെന്ന് പ്രതീക്ഷിക്കുന്നതായി വിദേശകാര്യ മന്ത്രാലയം പറഞ്ഞു.അതിര്‍ത്തി പരിപാലനത്തിലും അതിര്‍ത്തി പ്രശ്‌നത്തിലും നിലവിലുള്ള ഉഭയകക്ഷി ക്രമീകരണങ്ങളില്‍ സ്വാധീനം ചെലുത്തുന്ന ഒരു നിയമനിര്‍മാണം കൊണ്ടുവരാനുള്ള ചൈനയുടെ ഏകപക്ഷീയമായ തീരുമാനം ആശങ്കയുണ്ടാക്കുന്നതായും വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ് അറിയിച്ചു.
അതിര്‍ത്തിയും അതിര്‍ത്തിയിലെ പരമാധികാരവും സംരക്ഷിക്കുന്നതിനും ഇവയ്‌ക്കെതിരായ നീക്കങ്ങളെ പ്രതിരോധിക്കുന്നതിനും വേണ്ടിയുള്ളതാണ് ശനിയാഴ്ച പാസാക്കിയ പുതിയ നിയമം. അതിര്‍ത്തിയില്‍ പ്രതിരോധം ശക്തിപ്പെടുത്തുന്നതിനും സാമ്പത്തികവും സാമൂഹികവുമായ വികസനത്തിനും പിന്തുണ നല്‍കുന്നതിനുമാണ് നിയമമെന്നാണ് ചൈന അറിയിച്ചിരിക്കുന്നത്.
അതിര്‍ത്തി പ്രദേശങ്ങളിലെ പൊതുസേവനങ്ങളും അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെടുത്തുന്നതിനും ജനങ്ങളുടെ ജീവിതത്തെയും ജോലിയെയും പ്രോത്സാഹിപ്പിക്കുന്നതിനും നടപടികള്‍ സ്വീകരിക്കണമെന്നും നിയമം അനുശാസിക്കുന്നതായി ചൈനീസ് വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു.