ന്യൂഡല്‍ഹി : അന്തര്‍വാഹിനികളുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ ചോര്‍ത്തിയ കേസില്‍ മൂന്ന് നാവികസേന ഉദ്യോഗസ്ഥരെ സിബിഐ അറസ്റ്റ് ചെയ്തു. കമാന്‍ഡര്‍ പദവിയിലുള്ള ഒരാളെയും വിരമിച്ച രണ്ട് ഉദ്യോഗസ്ഥരെയുമാണ് അറസ്റ്റ് ചെയ്തത്.
ഇന്ത്യന്‍ നാവികസേനയുടെ മുങ്ങിക്കപ്പലുകളുടെ ആധുനികവത്കരണവുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ വിരമിച്ച ഉദ്യോഗസ്ഥര്‍ക്ക് ചോര്‍ത്തി നല്‍കിയതാണ് കേസ്. സംഭവത്തില്‍ ഉന്നതതല അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. വൈസ് അഡ്മിറല്‍,റിയര്‍ അഡ്മിറല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് അന്വേഷണം നടത്തുന്നത്. അറസ്റ്റിലായ ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധമുള്ള ഏതാനും ഉദ്യോഗസ്ഥരെ സിബിഐ ചോദ്യം ചെയ്തു വരികയാണ്. കൂടുതല്‍ അറസ്റ്റുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് വിവരം.
നേരത്തേ പാക്കിസ്ഥാന്‍ ഏജന്‍സികള്‍ക്ക് സമാന രീതിയില്‍ വിവരം ചോര്‍ത്തിക്കൊടുത്ത സംഭവത്തില്‍ പ്രതിരോധ ഉദ്യോഗസ്ഥര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു.