പൂനെ: യുഎസ് ഇൻഷുറൻസ് കമ്പനിയിൽ നിന്നും ഇൻഷുറൻസ് തുക തട്ടിയെടുക്കുന്നതിനായി താൻ മരിച്ചുവെന്ന രേഖകളുണ്ടാക്കാൻ മാനസികാസ്വാസഥ്യമുള്ളയാളെ കൊലപ്പെടുത്തിയ കേസിൽ 54കാരൻ അറസ്റ്റിൽ. മഹാരാഷ്ട്രയിലെ അഹ്മദ്നഗർ ജില്ലയിലെ രാജൂർ ഗ്രാമത്തിലാണ് ക്രൂരമായ കൊലപാതകമുണ്ടായത്. ഈ വർഷം ഏപ്രിലിലാണ് സംഭവം.
പ്രഭാകർ വാഗ്ചൗറെ എന്നയാളാണ് മറ്റൊരാളെ കൊലപ്പെടുത്തി യുഎസിലെ സ്ഥാപനത്തിൽ നിന്ന് അഞ്ച് ദശലക്ഷം യുഎസ് ഡോളറിന്റെ (ഏകദേശം 37.5 കോടി രൂപ) ഇൻഷൂറൻസ് ക്ലെയിം ചെയ്യാൻ ശ്രമിച്ചത്. ഇയാൾ മുമ്പ് യുഎസിൽ ജോലി ചെയ്ത് വരികയായിരുന്നു. നാട്ടിലെത്തിയതിന് ശേഷം ഇൻഷൂറൻസ് തുക തട്ടിയെടുക്കാനായി പദ്ധതികൾ ആവിഷ്കരിക്കുകയും ക്വട്ടേഷൻ ടീമിനെ ബന്ധപ്പെടുകയുമായിരുന്നു. തുടർന്നാണ് അമ്പതുകാരനെ കൊലപ്പെടുത്തിയത്. സംഭവത്തിൽ പ്രഭാകറിനെ സഹായിച്ച നാലുപേരും അറസ്റ്റിലായിട്ടുണ്ട്. പണം വാഗ്ദാനം ചെയ്താണ് സന്ദീപ് തലേക്കർ, ഹർഷാദ് ലഹാമഗെ, ഹരീഷ് കുലാൽ, പ്രശാന്ത് ചൗധരി എന്നിവരെ പ്രഭാകർ കൃത്യത്തിനായി കൂടെകൂട്ടിയത്.
പ്രഭാകർ വാഗ്ചൗറെ 20 വർഷമായി അമേരിക്കയിൽ കുടുംബത്തോടൊപ്പം താമസിച്ചു വരികയായിരുന്നു. അമേരിക്കൻ സ്ഥാപനത്തിൽ നിന്ന് അഞ്ച് ദശലക്ഷം യുഎസ് ഡോളറിന്റെ ലൈഫ് ഇൻഷുറൻസ് അദ്ദേഹം എടുത്തിരുന്നു. 2021 ജനുവരിയിൽ ഇന്ത്യയിലെത്തിയ പ്രതി അഹമദ് നഗർ ജില്ലയിലെ ഒരു ഗ്രാമത്തിലുള്ള കുടുംബവീട്ടിൽ താമസമാക്കുകയും പിന്നീട് രാജൂർ ഗ്രാമത്തിലേക്ക് താമസം മാറുകയും ചെയ്തു.
ഇവിടെ വെച്ചാണ് ഇയാൾ മറ്റ് പ്രതികൾക്കൊപ്പം മാനസികാസ്വാസ്ഥ്യമുള്ളയാളെ വിഷപ്പാമ്പിനെ കൊണ്ട് കൊത്തിപ്പിച്ച് കൊലപ്പെടുത്തിയത്. മരിച്ചുവെന്ന് ഉറപ്പാക്കിയ ശേഷമാണ് അവർ അമ്പതുകാരനെ ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ വെച്ച് മരിച്ചയാളുടെ ബന്ധുക്കളാണെന്നാണ് പ്രതികൾ പരിചയപ്പെടുത്തുകയും മരിച്ചയാളുടെ പേര് പ്രഭാകർ വാഗ്ചൗറെ എന്ന് രജിസ്റ്റർ ചെയ്യുകയും ചെയ്യുകയായിരുന്നു- കേസ് അന്വേഷിച്ച അഹമദ്നഗർ പോലീസ് സൂപ്രണ്ട് മനോജ് പാട്ടീൽ വ്യക്തമാക്കി.
മരണ സർട്ടിഫിക്കറ്റും മറ്റ് രേഖകളും വാങ്ങി യുഎസിലേക്ക് അയച്ചു. അവിടെ അദ്ദേഹത്തിന്റെ മകൻ ഇൻഷുറൻസിനായി ഫയൽ ചെയ്തു. എന്നാൽ, മുമ്പ് പ്രതി തങ്ങളെ കബളിപ്പിക്കാൻ ശ്രമം നടത്തിയുട്ടുണ്ട് എന്നതിനാൽ തന്നെ യുഎസ് കമ്പനിക്ക് ഇക്കാര്യത്തിൽ സംശയം തോന്നി. തുടർന്ന് ഇന്ത്യയിലേക്ക് അന്വേഷണ സംഘത്തെ അയച്ചു. അവരാണ് സംഭവം പോലീസിനെ അറിയിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഗൂഢാലോചന പൊളിഞ്ഞത്. ഗുജറാത്തിലെ വഡോദരയിൽ വെച്ചാണ് പ്രതി ഒടുവിൽ അറസ്റ്റിലായത്.
Discussion about this post