മുംബൈ: ആര്യൻ ഖാൻ പ്രതിയായ ലഹരിമരുന്ന് കേസിൽ ഷാരൂഖ് ഖാന്റെ കൈയ്യിൽ നിന്നും കോടികൾ തട്ടാൻ ശ്രമിക്കുന്നെന്ന ആരോപണം ഉയർന്നതോടെ അന്വേഷണ ഉദ്യോഗസ്ഥനായ സമീർ വാങ്കഡെയ്ക്കെതിര വിജിലൻസ് അന്വേഷണം. നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ(എൻസിബി) ഏജൻസിയുടെ ഡെപ്യൂട്ടി ഡയറക്ടർ ജനറലായ ഗ്യാനേശ്വർ സിങ്ങാണ് അന്വേഷണത്തിന് നേതൃത്വം നൽകുക.
കേസിലെ സാക്ഷികളിലൊരാൾ തന്നെ 25 കോടി രൂപയുടെ കൈക്കൂലി ആരോപണം ഉന്നയിച്ചതോടെയാണ് മുംബൈ സോണൽ ഡയറക്ടറായ സമീർ വാങ്കഡെയ്ക്കെതിരേ എൻസിബി അന്വേഷണം പ്രഖ്യാപിച്ചത്. കേസിലെ സാക്ഷിയായ പ്രഭാകർ സെയിലിന്റെ ആരോപണങ്ങളെ സംബന്ധിച്ചുള്ള വിശദമായ റിപ്പോർട്ട് മുംബൈയിലെ എൻസിബി ഉദ്യോഗസ്ഥർ ഡയറക്ടർ ജനറലിന് കൈമാറിയിരുന്നു.
ഇതിനുപിന്നാലെയാണ് സമീർ വാങ്കഡെക്കെതിരേ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടത്. എൻസിബി ഡെപ്യൂട്ടി ഡയറക്ടർ ജനറലായ ഗ്യാനേഷർ സിങ് എൻസിബിയുടെ ചീഫ് വിജിലൻസ് ഓഫീസർ കൂടിയാണ്.
സമീർ വാങ്കഡെയെ തൽസ്ഥാനത്ത് നിന്ന് മാറ്റിനിർത്തുമോ എന്ന ചോദ്യത്തിന് അന്വേഷണം ആരംഭിച്ചതേയുള്ളൂ എന്നായിരുന്നു ഗ്യാനേഷർ സിങ്ങിന്റെ മറുപടി. നിലവിൽ പ്രതികരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ലഹരിമരുന്ന് കേസിൽ പ്രതിയായ ആര്യൻ ഖാനെ വിട്ടയക്കാനായി കേസിലെ സാക്ഷിയായ കെപി ഗോസാവിയും എൻസിബി ഉദ്യോഗസ്ഥനായ സമീർ വാങ്കഡെയും പണം കൈപ്പറ്റിയെന്നായിരുന്നു പ്രഭാകർ സെയിലിന്റെ ആരോപണം. ഗോസാവിയുടെ സുരക്ഷാ ജീവനക്കാരനാണ് പ്രഭാകർ സെയിൽ.
Discussion about this post