ഞാന്‍ ബിജെപി എംപിയാണ്, ഇഡി തൊടില്ല; സഞ്ജയ് പാട്ടീലിന്റെ പരാമര്‍ശം വിവാദത്തില്‍

മുംബൈ: താന്‍ ബിജെപി എംപിയായതിനാല്‍ ഇഡി തൊടില്ലെന്ന വിവാദ പ്രസ്താവനയുമായി മഹാരാഷ്ട്രയില്‍നിന്നുള്ള ബി.ജെ.പി. എം.പി. സഞ്ജയ് പാട്ടീല്‍. ബി.ജെ.പി. എം.പി. ആയതിനാല്‍ തനിക്കെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ഉണ്ടാകില്ലെന്ന് പാട്ടീല്‍ തറപ്പിച്ചു പറയുന്നു.

പൊതുപരിപാടിക്കിടെ ആയിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. പ്രതിപക്ഷ നേതാക്കളെ നേരിടാന്‍ കേന്ദ്രം, അന്വേഷണ ഏജന്‍സികളെ ഉപയോഗപ്പെടുത്തുന്നുവെന്ന് പ്രതിപക്ഷം ആരോപണം ഉന്നയിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ പരാമര്‍ശം.

സാംഗലിയി മണ്ഡലത്തില്‍നിന്നുള്ള എം.പിയാണ് പാട്ടീല്‍. അതേസമയം ഇത്തരത്തിലുള്ള പരാമര്‍ശം നടത്തുന്ന ആദ്യ ബി.ജെ.പി. നേതാവല്ല സഞ്ജയ് പാട്ടീല്‍. മഹാരാഷ്ട്രയില്‍നിന്നുള്ള, 2019-ല്‍ കോണ്‍ഗ്രസില്‍നിന്ന് ബി.ജെ.പിയിലെത്തിയ ഹര്‍ഷവര്‍ധന്‍ പാട്ടീലും സമാന പ്രസ്താവന അടുത്തിടെ നടത്തിയിരുന്നു.

ബി.ജെ.പിയില്‍ ചേര്‍ന്നതോടെ അന്വേഷണങ്ങളില്ലെന്നും സമാധാനമായി ഉറങ്ങാന്‍ സാധിക്കുന്നുണ്ടെന്നും ആയിരുന്നു ഹര്‍ഷവര്‍ധന്‍ പാട്ടീലിന്റെ വെളിപ്പെടുത്തല്‍. പ്രസ്താവന വിവാദത്തിലേയ്ക്ക് കൂപ്പുകുത്തിയതോടെ തന്റെ വാക്കുകള്‍ തെറ്റായി ചിത്രീകരിക്കുകയായിരുന്നുവെന്ന വിശദീകരണവുമായി രംഗത്തെത്തിയിരുന്നു.

Exit mobile version