ഭുവനേശ്വർ: ഫോൺ വാങ്ങിക്കാനും ധൂർത്തടിക്കാനുമായി ഭാര്യയെ 1.8 ലക്ഷം രൂപയ്ക്ക് വിറ്റെന്ന കേസിൽ അറസ്റ്റിലായ 17കാരൻ ആരോപണങ്ങൾ നിഷേധിച്ചു. 26 വയസ്സുള്ള ഭാര്യയെ വിറ്റിട്ടില്ലെന്നും 60,000 രൂപയ്ക്ക് പണയം വെച്ചതാണെന്നുമാണ് ഒഡീഷയിലെ ബലംഗീർ ബേൽപാഡ സ്വദേശിയായ 17-കാരന്റെ മൊഴി.
തനിക്ക് ഹൃദയസംബന്ധമായ ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നു. ഇതിന്റെ ചികിത്സയ്ക്കും ശസ്ത്രക്രിയയ്ക്കും പണം ആവശ്യമായതിനാലാണ് ഭാര്യയെ പണയമായി നൽകിയതെന്നും പ്രതി പോലീസിന് മൊഴി നൽകിയതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞദിവസമാണ് 1.8 ലക്ഷം രൂപയ്ക്ക് ഭാര്യയെ വിറ്റെന്ന കേസിൽ 17-കാരനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ഭാര്യയായ 26-കാരിയെ രാജസ്ഥാനിലെ ബാരൻ ജില്ലയിൽനിന്ന് പോലീസ് മോചിപ്പിക്കുകയും ചെയ്തിരുന്നു. വിവാഹത്തിന് ശേഷം രാജസ്ഥാനിലെ ഇഷ്ടിക കളത്തിൽ ജോലിക്ക് പോയതായിരുന്നു ദമ്പതിമാർ. ഇവിടെവെച്ചാണ് 17-കാരൻ 1.8 ലക്ഷം രൂപയ്ക്ക് ഭാര്യയെ 55-കാരന് വിറ്റത്. ഈ പണം ഉപയോഗിച്ച് പ്രതി സ്മാർട്ട് ഫോൺ വാങ്ങിയെന്നും ബാക്കി തുക ഭക്ഷണത്തിനായി ഹോട്ടലുകളിൽ ചെലവഴിച്ചെന്നും പോലീസ് പറഞ്ഞു.
പ്രതിയായ 17-കാരനെ ജുവനൈൽ കോടതിയിൽ ഹാജരാക്കിയ ശേഷം ദുർഗുണ പരിഹാര പാഠശാലയിലേക്ക് അയച്ചു.