ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ അംഗത്വം നേടാന്‍ ഇനിമുതല്‍ മദ്യവും മയക്കുമരുന്നും വര്‍ജിക്കണം. കൂടാതെ പാര്‍ട്ടി നയങ്ങളെയും പരിപാടികളെയും പൊതുവേദിയില്‍ വിമര്‍ശിക്കരുത്. പുതിയ സത്യവാങ്മൂലത്തില്‍ പറയുന്ന കാര്യങ്ങളാണ് ഇത്.
ഇതോടൊപ്പം നിയമപ്രകാരം അനുവദനീയമായതിലും കൂടുതല്‍ വസ്തുവകകള്‍ സ്വന്തമായില്ലെന്നും പാര്‍ട്ടിയുടെ നയങ്ങളും പരിപാടികളും പ്രചരിപ്പിക്കാന്‍ കായികാധ്വാനവും ജോലിയും ചെയ്യാന്‍ മടിയില്ലെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കേണ്ടതുണ്ട്. നവംബര്‍ ഒന്നുമുതല്‍ അംഗത്വവിതരണം ആരംഭിക്കുകയാണ് കോണ്‍ഗ്രസ്. അടുത്തവര്‍ഷം മാര്‍ച്ച് 31 വരെ ഇത് നീളും.
സത്യവാങ്മൂലം ഇങ്ങനെ;
”ഞാന്‍ പതിവായി തനതു ഖാദി ധരിക്കുന്നയാളാണ്; ഞാന്‍ മദ്യപിക്കുകയോ ലഹരി ഉപയോഗിക്കുകയോ ഇല്ല; ഞാന്‍ സാമൂഹികവിവേചനമോ അസമത്വമോ കാണിക്കില്ല; ഇത്തരം വികലമായ കാര്യങ്ങള്‍ സമൂഹത്തില്‍നിന്ന് നിര്‍മാര്‍ജനം ചെയ്യുന്നതിനായി പ്രവര്‍ത്തിക്കുന്നതില്‍ ഞാന്‍ വിശ്വസിക്കുന്നു; കായികാധ്വാനമുള്‍പ്പെടെ പ്രവര്‍ത്തകസമിതി ഏല്‍പ്പിക്കുന്ന ഏതു ജോലിയും ചെയ്യാന്‍ ഞാന്‍ സന്നദ്ധമാണ്”