പാലക്കാട്: സ്വാതന്ത്ര്യസമരചരിത്രത്തിൽ സംഘപരിവാറുകാരുടെ പേര് കൂട്ടിച്ചേർക്കാൻ ബിജെപി ശ്രമം. സ്വാതന്ത്ര്യസമര ചരിത്രത്താളുകളിൽ പേരുവരാത്തവരെ കണ്ടെത്തി രേഖയാക്കാൻ തയ്യാറെടുക്കുകയാണ് സംഘപരിവാർ സംഘടനകൾ. വിവിധ സമരങ്ങളിൽ പങ്കെടുത്ത് മരിച്ചവരുടെ വിവരങ്ങൾ ശേഖരിച്ച് പട്ടികതയ്യാറാക്കി ചരിത്രത്തിന്റെ ഭാഗമാക്കാനാണ് വിദ്യാർഥിസംഘടനയായ എബിവിപിയുടെ സഹായത്തോടെ ബിജെപിയുടെ ശ്രമം.
കേരളം ഉൾപ്പെടെയുള്ള മുഴുവൻ സംസ്ഥാനങ്ങളിലും വിവരശേഖരണം നടത്തി സംസ്ഥാന-ദേശീയ തലത്തിലായി പുസ്തകങ്ങൾ പുറത്തിറക്കാനാണ് ശ്രമം. ഇതിനായി മുഴുവൻ ഗ്രാമങ്ങളിലും സഞ്ചരിച്ച് സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തവരെക്കുറിച്ച് പ്രദേശവാസികളിൽനിന്നും വിവിധ സ്ഥാപനങ്ങളിൽനിന്നും വിവരങ്ങൾ തേടും.
ഗൈഡൻസിനായി പ്രദേശിക പ്രസിദ്ധീകരണങ്ങൾ, പഴയ പുസ്തകങ്ങൾ, മ്യൂസിയങ്ങളിൽനിന്ന് കിട്ടാൻ സാധ്യതയുള്ള പഴയ നോട്ടീസുകൾ, രേഖകൾ എന്നിവ ശേഖരിക്കും. എബിവിപിയുടെ നഗര, താലൂക്ക് സമിതികളുടെ നേതൃത്വത്തിലായിരിക്കും പ്രദേശികതല വിവരശേഖരണം നടത്തുക. ഡിസംബറിൽ നടക്കുന്ന എബിവിപിയുടെ ദേശീയ സമ്മേളനത്തിൽ പുസ്തകം പ്രസിദ്ധീകരിക്കാനാണ് ഉദ്ദേശിക്കുന്നത്.
മലബാർ-മാപ്പിള കലാപം ഉൾപ്പെടെയുള്ള സ്വാതന്ത്ര്യസമര ചരിത്രമുള്ള പോരാട്ടങ്ങളെ തള്ളിക്കളയുന്ന നിലപാടെടുത്ത ബിജെപി സർക്കാർ ചരിത്രത്തെ വളച്ചൊടിക്കാനുള്ളശ്രമാണ് ഇതിലൂടെ നടത്തുന്നതെന്നാണ് ഉയരുന്ന ആരോപണം. ആദ്യകാല ചരിത്രപുസ്തകങ്ങളിൽ പലരുടെയും പേരുകൾ വിട്ടുപോയിട്ടുണ്ടെന്നും പലപ്പോഴും ചരിത്രത്തെ വളച്ചൊടിച്ചെന്നുമൊക്കെയാണ് സംഘപരിവാർ സംഘടനകൾ വാദിക്കുന്നത്.
Discussion about this post