ന്യൂഡൽഹി: ഡൽഹിയിലെ കർഷക സമരത്തിന് നേതൃത്വം നൽകുന്ന സംയുക്ത കിസാൻ മോർച്ചയിൽ നിന്ന് ആക്ടിവിസ്റ്റ് യോഗേന്ദ്ര യാദവിനെ സസ്പെൻഡ് ചെയ്തു. നടപടി അംഗീകരിക്കുന്നതായി യോഗേന്ദ്ര യാദവ് പ്രതികരിച്ചു. കേന്ദ്രത്തിന്റെ പുതിയ കർഷക നിയമങ്ങൾക്കെതിരെ സമരം ചെയ്യുന്ന 46 കർഷക സംഘടനകളുടെ കൂട്ടായ്മയായ സംയുക്ത കിസാൻ മോർച്ചയുടെ യോഗങ്ങളിൽ പങ്കെടുക്കുന്നതിന് ഉൾപ്പടെയാണ് വിലക്ക്.
ലഖിംപുർ ഖേരിയിൽ കൊല്ലപ്പെട്ട ബിജെപി പ്രവർത്തകരുടെ കുടുംബത്തെ സന്ദർശിച്ചതിനാണ് കിസാൻ മോർച്ച യോഗേന്ദ്ര യാദവിനെ ഒരു മാസത്തേക്ക് സസ്പെൻഡ് ചെയ്തത്.
സംയുക്ത കിസാൻ മോർച്ചയുടെ കൂട്ടായുള്ള തീരുമാനത്തെ ബഹുമാനിക്കുന്നതായി യോഗേന്ദ്ര യാദവ് ട്വിറ്ററിലൂടെ പ്രതികരിച്ചു. സഹാനുഭൂതി പ്രകടിപ്പിക്കുന്നത് നമ്മുടെ മുന്നേറ്റങ്ങളെ ഇല്ലാതാക്കില്ല.
കർഷക മോർച്ചയിലെ എല്ലാവർക്കും ഇക്കാര്യം അംഗീകരിക്കാൻ കഴിഞ്ഞെന്ന് വരില്ലെന്നും ഇക്കാര്യത്തിൽ കൂടുതൽ സംവാദങ്ങൾ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നതായും എതിരാളികളുടെ സങ്കടത്തിൽ പങ്കുചേരൽ ഇന്ത്യൻ സംസ്കാരത്തിന്റെ ഭാഗമാണെന്നും യോഗേന്ദ്ര യാദവ് പറഞ്ഞു.
Discussion about this post