മുംബൈ: ആഡംബര കപ്പലിലെ മയക്കുമരുന്നു ഉപയോഗത്തെ തുടർന്ന് ആര്യൻ ഖാൻ അറസ്റ്റിലായതിന് പിന്നാലെ നടി അനന്യ പാണ്ഡെയെ ചോദ്യം ചെയ്ത് എൻസിബി. ആര്യൻ ഖാന് നിരോധിത ലഹരിപദാർഥങ്ങൾ അനന്യ എത്തിച്ചുനൽകിയെന്നാണ് എൻസിബിയുടെ കണ്ടെത്തൽ. എന്നാൽ, ചോദ്യം ചെയ്യലിൽ നടി ഇക്കാര്യങ്ങൾ നിഷേധിച്ചതായി എൻസിബി വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.
കഞ്ചാവ് സംബന്ധിച്ച വാട്സ് ആപ്പ് ചാറ്റുകളെക്കുറിച്ചാണ് എൻസിബി ഉദ്യോഗസ്ഥർ അനന്യ പാണ്ഡെയിൽനിന്ന് ഇന്ന് പ്രധാനമായും ചോദിച്ചറിയാൻ ശ്രമിച്ചതെന്ന് എഎൻഐയുടെ റിപ്പോർട്ടിൽ പറയുന്നു.
നേരത്തെ അനന്യയുടെ വീട്ടിൽ റെയ്ഡ് നടത്തിയതും വാട്സ്ആപ്പ് ചാറ്റ് കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിലായിരുന്നു. കഞ്ചാവ് ലഭിക്കുമോ എന്ന് ആര്യൻ ചോദിക്കുമ്പോൾ, ശരിയാക്കാം എന്ന് അനന്യ പറയുന്നതായാണ് ചാറ്റിലുള്ളത്. എന്നാൽ നടി നിരോധിത ലഹരിപദാർഥങ്ങൾ ആര്യന് എത്തിച്ചു നൽകിയതിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ല.
കഴിഞ്ഞ ദിവസമാണ് നർകോട്ടിക് കൺട്രോൺ ബ്യൂറോ അനന്യയെ മുംബൈയിലെ ഓഫീസിലേക്ക് വിളിപ്പിച്ചത്. നാല് മണിക്കൂറോളം ചോദ്യം ചെയ്യുകയും വിട്ടയക്കുകയും ചെയ്തു. കൂടുതൽ തെളിവുകൾ ശേഖരിക്കാൻ നടിയുടെ ലാപ്പ്ടോപ്പ്, മൊബൈൽ ഫോൺ തുടങ്ങിയവ എൻസിബി പിടിച്ചെടുത്തു.
രണ്ടാം ഘട്ട ചോദ്യം ചെയ്യലിന് വെള്ളിയാഴ്ച നടി ഹാജരായേക്കും. ആഡംബര കപ്പലിൽ നടന്ന റെയ്ഡിലാണ് ആര്യൻ ഖാൻ, അർബാസ് മെർച്ചന്റ്, മുൺമുൺ ധമേച്ച തുടങ്ങിയവർ അറസ്റ്റിലായത്. നിലവിൽ മുംബൈ ആർതർ റോഡ് ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ് ആര്യൻ ഖാൻ. രണ്ടാം തവണയും ആര്യന് ജാമ്യം നിഷേധിച്ചതോടെ ബോബെ ഹൈക്കോടതിയെ സമീച്ചിരിക്കുകയാണ്
Discussion about this post