ന്യൂഡൽഹി: രാജ്യം വീണ്ടും കോവിഡ് വാക്‌സിനേഷനിൽ ചരിത്രം കുറിച്ചു. 100 കോടി ഡോസ് വാക്‌സിൻ നൽകിയാണ് ഇന്ത്യ പുതിയ നേട്ടം സ്വന്തമാക്കിയത്. 279 ദിവസം കൊണ്ടാണ് 100 കോടി ഡോസ് കോവിഡ് വാക്‌സിൻ നൽകിയത്. നേട്ടം സ്വന്തമാക്കിയതിന് പിന്നാലെ ഡൽഹി ആർഎംഎൽ ആശുപത്രിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോഡി ആരോഗ്യപ്രവർത്തകരെ അഭിനന്ദിച്ചു.
ജമ്മു-കാശ്മീർ, ലഡാക്ക്, ഉത്തരാഖണ്ഡ്, സിക്കിം, ഹിമാചൽ പ്രദേശ്, ദാദ്രാ ആൻഡ് നഗർ ഹവേലി, ദാമൻ & ദിയു, ഗോവ, ലക്ഷദ്വീപ് തുടങ്ങിയ സ്ഥലങ്ങളിൽ 100 ശതമാനം പേർക്കും വാക്‌സിനേഷൻ നൽകിയെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
ജനുവരി 16നാണ് ഇന്ത്യയിൽ കോവിഡ് വാക്‌സിൻ കുത്തിവെപ്പ് ആരംഭിച്ചത്. ഇതുവരെ വാക്‌സിന് അർഹരായ 75 ശതമാനം പേർക്കും ഒന്നാം ഡോസ് നൽകിയെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു.
സംസ്ഥാനങ്ങൾ നേരിട്ട് കമ്പനികളിൽനിന്ന് സംഭരിച്ചതും കേന്ദ്രസർക്കാർ സൗജന്യമായി ലഭ്യമാക്കിയതും അടക്കം 97,99,506 സെഷനുകളിലൂടെയാണ് ഇത്രയും വാക്‌സിൻ വിതരണം ചെയ്തത്.