പ്രായം വെറും നമ്പർ മാത്രം; 90കാരി പെരുമാത്താൾ പഞ്ചായത്ത് പ്രസിഡന്റായി ചുമതലയേറ്റു; എതിരാളികൾക്ക് കെട്ടിവെച്ച കാശ് പോലും നഷ്ടം!

ചെന്നൈ: തമിഴ്‌നാട്ടിലെ പാളയംകോട്ട ശിവന്തിപ്പട്ടി പഞ്ചായത്തിലെ പ്രസിഡന്റായി ചുമതലയേറ്റ് സകലരേയും ഞെട്ടിച്ചിരിക്കുകയാണ് 90കാരിയായ പെരുമാത്താൾ. പ്രായം ഒരു സംഖ്യ മാത്രമാണെന്ന് തെളിയിച്ചാണ് ഈ വയോധിക താരമായിരിക്കുന്നത്.

എസ് പെരുമാത്താൾ എന്നാണ് ഇവരുടെ മുഴുവൻ പേര്. സേവനം തിരുനൽവേലി ജില്ലയിലെ പാളയംകോട്ട ശിവന്തിപ്പട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായും. 1,568 വോട്ട് നേടിയാണ് പെരുമാത്താൾ വിജയിച്ചത്. ഇവർക്കെതിരെ മത്സരിച്ച രണ്ടു സ്ഥാനാർത്ഥികൾക്കും കെട്ടിവെച്ച കാശുപോയി. പെരുമാത്താളിന്റെ സ്ഥാനാരോഹണം നാട്ടുകാർ സർവ്വപിന്തുണയോടെയാണെന്നും ഇതോടെ തെളിയുകയാണ്.

പെരുമാത്താൾ പ്രസിഡന്റായി ചുമതലയേറ്റതോടെ തമിഴ്‌നാട്ടിലെ ഏറ്റവും പ്രായം കൂടിയ ഗ്രാമപഞ്ചായത്ത് പ്രസിഡന്റെന്ന ബഹുമതിക്ക് അവർ അർഹയായി.
സംസ്ഥാനത്തെ ഒമ്പതു ജില്ലകളിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ച ജനപ്രതിനിധികൾ ബുധനാഴ്ചയാണ് അധികാരമേറ്റത്.

തദ്ദേശ തെരഞ്ഞെടുപ്പിൽ ഏഴു തലമുറകളായി തങ്ങളുടെ കുടുംബത്തിൽപെട്ടവർ വിജയിച്ചുവരുന്നതായും താൻ ആദ്യമായാണ് തെരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിക്കുന്നതെന്നും പെരുമാത്താൾ പ്രതികരിച്ചു.

തെരഞ്ഞെടുപ്പ് കാലത്ത് വീടുകൾ തോറും കയറിയിറങ്ങി ഏറെ ആവേശത്തോടെ വോട്ടഭ്യർഥിച്ചിരുന്ന പെരുമാത്താളിന്റെ ഊർജസ്വലത പ്രചാരണരംഗത്ത് ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇവരെ തോളിലേറ്റിയാണ് അനുയായികൾ വിജയം ആഘോഷിച്ചത്. പെരുമാത്താളുടെ മകൻ എസ് തങ്കപാണ്ഡ്യൻ നാലുതവണ ഇതേ ഗ്രാമ പഞ്ചായത്ത് അധ്യക്ഷനായിരുന്നു. പഞ്ചായത്തിൽ മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ കൊണ്ടുവരുമെന്നാണ് വോട്ടർമാരോടുള്ള പെരുമാത്താളിന്റെ വാഗ്ദാനം.

Exit mobile version