ദിസ്പുർ: രാജ്യത്ത് പെട്രോൾ വില 100 രൂപയും കടന്ന് കുതിക്കുന്നതിനിടെ ജനങ്ങളുടെ ക്ഷമ പരീക്ഷിക്കുന്ന പരാമർശവുമായി ആസാമിലെ ബിജെപി അധ്യക്ഷൻ. 100 കടന്ന പെട്രോൾ വില 200 ലെത്തിയാൽ മൂന്നുപേരെ ഇരുചക്രവാഹനത്തിൽ ഒരേ സമയം യാത്ര ചെയ്യാൻ അനുവദിക്കണമെന്നാണ് ഇദ്ദേഹത്തിന്റെ വാദം. ആസാം ബിജെപി സംസ്ഥാന അധ്യക്ഷനും മുൻ മന്ത്രിയുമായിരുന്ന ബാബേഷ് കലിതയാണ് വിചിത്രവാദമുയർത്തിയത്.
വിലകൂടിയ കാറുകളിൽ സഞ്ചരിക്കുന്നതിന് പകരം ജനങ്ങൾ ഇരുചക്രവാഹനങ്ങളെ ആശ്രയിക്കണമെന്നും അങ്ങനെയെങ്കിൽ പെട്രോൾ ലാഭിക്കാനാവുമെന്നുമാണ് ബാബേഷിന്റെ നിരീക്ഷണം. ‘പെട്രോൾ വില 200 ലെത്തിയാൽ മൂന്നാളുകളെ ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്യാൻ സർക്കാർ അനുവദിക്കണം. വാഹനനിർമ്മാതാക്കൾ മൂന്ന് പേർക്ക് സഞ്ചരിക്കാൻ കഴിയുന്ന രീതിയിൽ സീറ്റുകൾ ക്രമീകരിക്കണം.അങ്ങനെ അധികം വാഹനങ്ങളെ ആശ്രയിക്കുന്നത് കുറക്കാം. വിലകൂടിയ കാറുകളിൽ സഞ്ചരിക്കുന്നതിന് പകരം ജനങ്ങൾ ഇരുചക്രവാഹനങ്ങളെ ആശ്രയിക്കണം’.- ബാബേഷ് പറഞ്ഞു.
ആസാമിൽ മന്ത്രിയായിരുന്ന ബാബേഷ് ജൂണിലാണ് ബിജെപി സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റത്. ബാബേഷിന്റെ വിചിത്ര വാദങ്ങൾക്കെതിരെ പ്രതിപക്ഷം രംഗത്തുവന്നിട്ടുണ്ട്. മോഡിയുടെ അച്ഛാദിൻ യാഥാർത്ഥ്യമാകുന്നത് ഇങ്ങനെയാണോ എന്നാണ് പ്രതിപക്ഷം ചോദിക്കുന്നത്