കാശ്മീർ: ജമ്മു കശ്മീരിൽ സംഘർഷം തുടരുന്നതിനിടെ ഇന്ത്യ-പാകിസ്താൻ മത്സരം നടത്തുന്നതിന് എതിരെ എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി. ഇന്ത്യയുടെ സൈനികർ കൊല്ലപ്പെടുമ്പോൾ പാകിസ്താനുമായി ക്രിക്കറ്റ് കളിക്കാൻ പോവുകയാണോ എന്ന് അദ്ദേഹം ചോദ്യം ചെയ്തു.
കാശ്മീരിൽ ഇന്ത്യക്കാരുടെ ജീവൻ കൊണ്ട് പാകിസ്താൻ ട്വന്റി20 കളിക്കുകയാണെന്നും ജമ്മു കശ്മീരിൽ നമ്മുടെ ഒൻപത് സൈനികരാണ് വീരമൃത്യുവരിച്ചത്. അതിനിടെ ഒക്ടോബർ 24 ന് പാകിസ്താനുമായി ക്രിക്കറ്റ് കളിക്കാനൊരുങ്ങുകയാണ് ഇന്ത്യയെന്നും ഹൈദരാബാദിൽ ഒരു പരിപാടിയിൽ വെച്ച് അദ്ദേഹം കുറ്റപ്പെടുത്തി.
ബിഹാറിൽ നിന്നുള്ള പാവപ്പെട്ട തൊഴിലാളികൾ കാശ്മീരിൽ കൊല്ലപ്പെടുന്നു. ചിലരെ ലക്ഷ്യമിട്ടുള്ള കൊലകൾ നടക്കുന്നു. ഇതൊക്കെ നടക്കുമ്പോൾ ഇന്റലിജൻസ് ബ്യൂറോയും അമിത് ഷായും എന്ത് ചെയ്യുകയാണ്? കശ്മീരിൽ രഹസ്യാന്വേഷണ വിഭാഗം എന്താണ് ചെയ്യുന്നത്? ആർട്ടിക്കിൾ 370 എടുത്തുകളഞ്ഞപ്പോൾ കാശ്മീരിൽ എല്ലാം ശരിയായി എന്നാണ് അവർ പറഞ്ഞത്. എന്താണ് ശരിയായത്. കാശ്മീരിൽ ഒന്നും ശരിയായിട്ടില്ല. മോഡി സർക്കാറിന്റെ തികഞ്ഞ പരാജയമാണിതെന്നും ഒവൈസി ആഞ്ഞടിച്ചു.
Discussion about this post