ന്യൂഡല്‍ഹി: സിഖ് വിരുദ്ധ കലാപക്കേസില്‍ ജീവപര്യന്തം തടവു ശിക്ഷ കിട്ടിയ മുന്‍ കോണ്‍ഗ്രസ് നേതാവ് സജ്ജന്‍കുമാര്‍ സുപ്രീംകോടതിയിലേക്ക്. മുതിര്‍ന്ന അഡ്വക്കേറ്റ് എച്ച്എസ് ഫൂല്‍ക്കയാണ് ഇക്കാര്യം അറിയിച്ചത്. 1984ലെ സിഖ് വിരുദ്ധ കലാപക്കേസില്‍ സജ്ജന്‍കുമാറിന് കഴിഞ്ഞ തിങ്കളാഴ്ച ഡല്‍ഹി ഹൈക്കോടതി ജീവപര്യന്തം തടവ് വിധിച്ചിരുന്നു. ഇതിനെതിരെയാണ് സുപ്രീംകോടതിയെ സമീപിക്കുന്നത്.
ഡിസംബര്‍ 31 ന് കീഴടങ്ങണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ സുപ്രീം കോടതിയെ സമീപിക്കാനും കുടുംബ കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കാനുമായി ജനുവരി 31വരെ സമയം നീട്ടി നല്‍കണമെന്ന് സജ്ജന്‍കുമാര്‍ ആവശ്യപ്പെട്ടിരുന്നു. ആവശ്യം കോടതി തള്ളിയിരുന്നു.വിധി വന്നതിന് തൊട്ടുപിന്നാലെ കോണ്‍ഗ്രസ് അംഗത്വം സജ്ജന്‍കുമാര്‍ രാജി വെച്ചിരുന്നു.