ഇഷ്ടമില്ലാത്ത വിവാഹത്തിന് നിർബന്ധിച്ചു; നഴ്‌സായ 22കാരി ആശുപത്രിയിൽ തൂങ്ങിമരിച്ച നിലയിൽ

രാജ്‌കോട്ട്: ജോലി ചെയ്യുന്ന ആശുപത്രിയിലെ സ്‌റ്റോർ റൂമിൽ 22കാരിയായ നഴ്‌സ് തൂങ്ങിമരിച്ച നിലയിൽ. ഗുജറാത്തിലെ ഭാവ്‌നഗറിലെ സർ തക്തസിംജി ജനറൽ ആശുപത്രിയിൽ ഞായറാഴ്ചയാണ് സംഭവം. ഭാവ്‌നഗറിലെ രോഹിദാസ് വാസ് സ്വദേശിയായ അമി മക്‌വാനയാണ് മരിച്ചത്.

ഇഷ്ടമില്ലാത്ത വിവാഹത്തിന് മാതാപിതാക്കൾ നിർബന്ധിച്ചതിനാൽ പെൺകുട്ടി ആത്മഹത്യ ചെയ്‌തെന്നാണ് പ്രാഥമിക റിപ്പോർട്ട്. എന്നാൽ സർക്കാർ ജോലി ലഭിക്കാത്ത വിഷമത്തിലാണ് ആത്മഹത്യയെന്നാണ് ബന്ധുക്കളുടെ ആരോപണം.

ഒന്നരമാസം മുമ്പാണ് കരാർ അടിസ്ഥാനത്തിൽ ആശുപത്രിയിൽ അമി ജോലിയിൽ പ്രവേശിച്ചത്. ആശുപത്രി കെട്ടിടത്തിലെ ഏഴാംനിലയിലെ സ്‌റ്റോർറൂമിലെ സീലിങ് ഫാനിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം.

അമിയുടെ ഡ്യൂട്ടി രാത്രി എട്ടുമണിക്ക് അവസാനിച്ചിരുന്നു. സ്‌റ്റോറൂമിൽനിന്ന് അമിയുടെ ആത്മഹത്യ കുറിപ്പ് കണ്ടെടുത്തതായി പോലീസ് അറിയിച്ചു. ‘രണ്ടുപേജുള്ള ആത്മഹത്യകുറിപ്പിൽ മാതാപിതാക്കൾ അമിക്കായി ഒരു വരനെ കണ്ടെത്തിയതായും അയാളെ വിവാഹം കഴിക്കാൻ താൽപര്യം ഇല്ലായിരുന്നുവെന്നും രേഖപ്പെടുത്തിയിരുന്നു’- പോലീസ് പറഞ്ഞു.

Exit mobile version