തിരുവനന്തപുരം: പെട്രോളിന്റെ പകുതി മാത്രം വിലയുള്ള എഥനോൾ ഇന് വാഹനങ്ങളിൽ ഇന്ധനമായി ഉപയോഗിക്കാം. ഡീസൽ- പെട്രോൾ വില വർധിക്കുന്നതിനിടെ എഥനോൾ ഉപയോഗിക്കാൻ കേന്ദ്രാനുമതി. എഥനോൾ ചേർക്കുന്ന പെട്രോളിൽ അതിന്റെ അളവ് നാലു വിഭാഗങ്ങളിലായി നിശ്ചിത ശതമാനംവരെ വർധിപ്പിക്കാനും പൂർണമായും എഥനോൾ ഇന്ധനമാക്കുന്ന എഞ്ചിനുകൾ നിർമ്മിക്കാനും അനുവദിക്കുന്നതുമാണ് ഭേദഗതി.
കേന്ദ്രാനുമതി ലഭിച്ചെങ്കിലും എഥനോൾ വാഹനങ്ങൾ നിരത്തിലിറങ്ങാൻ കാലതാമസമുണ്ടാകും. ഇന്ധന നിലവാരം നിശ്ചയിക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ പൂർത്തീകരിക്കേണ്ടതുണ്ട്. ഇതിന് ആനുപാതികമായി വാഹനങ്ങളുടെ എഞ്ചിനിലും ഇന്ധന വിതരണസംവിധാനത്തിലും മാറ്റം വരുത്തണം. നിർമ്മിക്കുന്ന വാഹനങ്ങൾ പരിശോധിച്ച് മലിനീകരണ തോത് നിശ്ചയിച്ചശേഷമാകും അനുമതി നൽകുക.
പെട്രോൾ വാഹനങ്ങളിൽ കാര്യമായ മാറ്റം വരുത്താതെ എഥനോളിലേക്ക് മാറാൻ കഴിയും. പരിസരമലീനീകരണ വ്യവസ്ഥകൾ പാലിക്കണമെന്നതാണ് പ്രധാനകടമ്പ. നിലവിൽ പെട്രോളിൽ മായം ചേർക്കാൻ എഥനോൾ ഉപയോഗിക്കുന്നുണ്ട്.
കരിമ്പിൻ ചണ്ടിയിൽനിന്നും ധാന്യങ്ങളിൽനിന്നും ഉത്പാദിപ്പിക്കുന്ന എഥനോൾ, ഹരിത ഇന്ധനങ്ങളിൽപെട്ടതാണ്. എഥനോളിന് 55-62 രൂപയാണ് വില. തദ്ദേശീയമായി പലരും എഥനോൾ ചേർത്ത് വാഹനങ്ങൾ ഓടിക്കുന്നുണ്ടെങ്കിലും ശാസ്ത്രീയമായ മാനദണ്ഡം ഏർപ്പെടുത്തിയിരുന്നില്ല.
Discussion about this post