മുംബൈ : സംസ്ഥാനത്ത് കൊറോണ വ്യാപനം കുറഞ്ഞതോടെ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താനൊരുങ്ങി മഹാരാഷ്ട്ര. കടകളുടെ പ്രവര്‍ത്തന സമയം ദീര്‍ഘിപ്പിക്കാനും, അമ്യൂസ്‌മെന്റ് പാര്‍ക്ക്, ഓഡിറ്റോറിയം, തിയേറ്ററുകള്‍ എന്നിവ തുറക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു.
ഒക്ടോബര്‍ 22 മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരുത്താനാണ് ആലോചിക്കുന്നത്.മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും കോവിഡ് ടാസ്‌ക് ഫോഴ്‌സും തമ്മില്‍ നടന്ന ഉന്നതതല യോഗത്തിന് ശേഷമാണ് തീരുമാനം. ദീര്‍ഘനാളുകളായി അടച്ചിട്ടിരുന്നതിനാല്‍ തുറക്കുന്നതിന് മുമ്പ് ഹാളുകളിലെയും തിയേറ്ററുകളിലെയുമെല്ലാം സുരക്ഷാ ക്രമീകരണങ്ങള്‍ പരിശോധിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. പാര്‍ക്കുകളില്‍ വാട്ടര്‍ റൈഡുകള്‍ പ്രവര്‍ത്തിപ്പിക്കാനനുവാദമില്ല.നിലവില്‍ 50ശതമാനം ആളുകളെ മാത്രം അനുവദിച്ച് രാവിലെ ഏഴ് മുതല്‍ രാത്രി പത്ത് വരെയാണ് കടകളുടെ പ്രവര്‍ത്തനസമയം.
കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍ സംബന്ധിച്ചും മുഖ്യമന്ത്രി യോഗത്തില്‍ ചര്‍ച്ച ചെയ്തതായാണ് വിവരം. കൂടുതല്‍ നടപടികള്‍ക്കായി കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെടാന്‍ മുഖ്യമന്ത്രി ആരോഗ്യവകുപ്പിന് നിര്‍ദേശം നല്‍കി.