ബംഗളൂരു: കൂടത്തായി മോഡലിൽ കുടുംബാംഗങ്ങളെ കൂട്ടക്കൊല ചെയ്ത് പതിനേഴുകാരി. കർണാടകത്തിലെ ചിത്രദുർഗയിലാണ് സംഭവം. അച്ഛൻ, അമ്മ, സഹോദരി, മുത്തശ്ശി എന്നിവരെ ഭക്ഷണത്തിൽ വിഷംകലർത്തി കൊലപ്പെടുത്തിയ പതിനേഴുകാരിയെ പോലീസ് മൂന്ന് മാസത്തിന് ശേഷം അറസ്റ്റ് ചെയ്തു.
ജൂലായ് 12നാണ് ഭാരമസാഗരയ്ക്കടുത്ത് ഗൊള്ളാരഹട്ടി ഇസാമുദ്ര സ്വദേശി തിപ്പ നായിക് (45), ഭാര്യ സുധാഭായ് (40), മകൾ രമ്യ (16), ഗുന്ദിബായ് (80) എന്നിവർ ഭക്ഷണം കഴിച്ചതിനുശേഷം അവശനിലയിലാവുകയും മരണപ്പെടുകയും ചെയ്തത്. മകൻ രാഹുലും വിഷം കലർന്ന ഭക്ഷണം കഴിച്ചെങ്കിലും ചികിത്സയിലൂടെ രക്ഷപ്പെട്ടു.
റാഗി കൊണ്ടുണ്ടാക്കിയ പലഹാരത്തിൽ വിഷം കലർത്തിയാണ് മകൾ നാലുപേരെയും കൊലപ്പെടുത്തിയതെന്ന് അന്വേഷണത്തിൽ വ്യക്തമായെന്ന് പോലീസ് അറിയിച്ചു.
കുടുംബാംഗങ്ങളെ മുഴുവൻ കൊലപപ്പെടുത്താൻ ശ്രമിച്ച കേസിൽ തിപ്പനായിക്കിന്റെ മൂത്തമകളാണ് അറസ്റ്റിലായത്.
പതിനേഴുകാരിയായ തന്നോട് കൂലിപ്പണിക്കുപോകാൻ നിർബന്ധിച്ചതാണ് കൊലയ്ക്കു കാരണമെന്ന് പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്. വീട്ടുകാർ വഴക്ക് പറയുന്നതും പെൺകുട്ടിയിൽ വൈരാഗ്യം സൃഷ്ടിച്ചിരുന്നു.
കൂലിപ്പണിക്കാരിയായ അമ്മ വൈകീട്ട് ജോലികഴിഞ്ഞെത്തിയപ്പോഴാണ് അത്താഴത്തിനുള്ള പലഹാരമുണ്ടാക്കിയത്. ഇതിനിടെ വീട്ടിൽ വൈദ്യുതി പോയിരുന്നു. ഈ സമയം ആരോ വീട്ടിൽക്കടന്ന് ഭക്ഷണത്തിൽ വിഷം കലർത്തിയതാകാമെന്ന് ആദ്യം സംശയമുയർന്നിരുന്നു.
തുടർന്ന് ഭക്ഷണമുണ്ടാക്കാനുപയോഗിച്ച സാധനങ്ങൾ ഫൊറൻസിക് പരിശോധനയ്ക്കയച്ചിരുന്നു. പിന്നീടാണ് സംശയം വീട്ടിലെ പെൺകുട്ടിയിലേക്ക് നീങ്ങിയത്. സംഭവദിവസം മൂത്തമകൾ റാഗിപ്പലഹാരം കഴിക്കാത്തതും സംശയം ബലപ്പെടുത്തി. ചോദ്യം ചെയ്യലിൽ പെൺകുട്ടി കുറ്റം സമ്മതിക്കുകയായിരുന്നെന്ന് പോലീസ് അറിയിച്ചു.