ന്യൂഡല്‍ഹി: ബുലന്ദ്ഷെഹര് കലാപത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് നടക്കുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങളെ അപലപിച്ച നടന് നസ്റുദ്ദീന്‍ ഷായെ പരിഹസിച്ച് അനുപം ഖേര്‍. പിന്നാലെ ഹിന്ദുത്വ സംഘടനകള്‍ നടനെതിരെ പ്രതിഷേധമുയര്‍ത്തുകയാണ്.
രാജ്യത്ത് ഇപ്പോള്‍ ആവശ്യത്തിനുളള സ്വാതന്ത്ര്യമുണ്ട്. ഇപ്പോള്‍ ഉളളതിനേക്കാള് എത്ര കൂടുതല്‍ സ്വാതന്ത്ര്യമാണ് വേണ്ടത്. നിങ്ങള്‍ക്ക് സൈന്യത്തിന് നേരെ കല്ലെറിയാനും സൈന്യത്തെ ചീത്ത വിളിക്കാനും വ്യോമസേനയുടെ തലവനെ കുറ്റം പറയാനുമൊക്കെയുളള സ്വാതന്ത്ര്യമുണ്ടെന്ന് അനുപം ഖേര്‍ പരിസഹിച്ചു.
ഇതില്‍ കൂടുതല്‍ എന്ത് സ്വാതന്ത്ര്യമാണ് വേണ്ടതെന്ന് ചോദിച്ച അനുപം ഖേര്‍, നസറുദ്ദീന്‍ ഷാ പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായമാണെന്നും എന്നാല്‍ അത് സത്യമാണ് എന്ന് അര്‍ത്ഥമില്ലെന്നും കൂട്ടിച്ചേര്‍ത്തു.
യുപി പോലീസ് ഓഫീസര്‍ സുബോധ് കുമാറിന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ ഈ രാജ്യത്ത് മനുഷ്യന്റെ ജീവനേക്കാള്‍ വലുതാണ് പശു എന്നാണ് നസ്റുദ്ദീന്‍ ഷാ കുറ്റപ്പെടുത്തിയത്. കുറ്റവാളികള്‍ക്ക് സംരക്ഷണം ലഭിക്കുന്നുവെന്നും തന്റെ മക്കള്‍ ഈ നാട്ടില്‍ വളരുന്നുവെന്നതില്‍ ആശങ്ക തോന്നുന്നുവെന്നും ഷാ അഭിപ്രായപ്പെട്ടിരുന്നു.
പിന്നാലെ ഹൈന്ദവ സംഘടനകള്‍ നടനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ അജ്മീര്‍ സാഹിത്യോത്സവത്തില്‍ നിന്ന് കഴിഞ്ഞ ദിവസം നടനെ ഒഴിവാക്കിയിരുന്നു.
Discussion about this post