ന്യൂഡല്‍ഹി : മകന് പ്രായപൂര്‍ത്തിയായി എന്ന കാരണത്താല്‍ വിദ്യാഭ്യാസ ചിലവുകളുള്‍പ്പടെ വഹിക്കുന്നതില്‍ നിന്ന് പിതാവിന് ഒഴിഞ്ഞുമാറാനാവില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. മകന് പതിനെട്ട് വയസ്സ് പൂര്‍ത്തിയായതിനാല്‍ വിദ്യാഭ്യാസ ചിലവുകള്‍ വഹിക്കുന്നതില്‍ നിന്ന് ഒഴിവാക്കിത്തരണമെന്ന ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതിയുടെ നിരീക്ഷണം.1997ല്‍ വിവാഹം കഴിഞ്ഞ് 2011ല്‍ വേര്‍പിരിഞ്ഞ ദമ്പതികളില്‍ പിതാവാണ് ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്.
മകന് സാമ്പത്തിക-സാമൂഹിക സുരക്ഷിതത്വം ഉണ്ടാവുന്നത് വരെ ചിലവുകള്‍ വഹിക്കാന്‍ പിതാവിന് ഉത്തരവാദിത്തമുണ്ടെന്ന് കോടതി നിരീക്ഷിച്ചു.വേര്‍പിരിഞ്ഞ ഭാര്യയ്‌ക്കൊപ്പം നില്‍ക്കുന്ന മകന് 18 വയസ്സ് പൂര്‍ത്തിയാവുന്നത് വരെയോ സ്ഥിരവരുമാനം നേടുന്നത് വരെയോ മാസം 15000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് നേരത്തേ ഹൈക്കോടതി പുറപ്പെടുവിച്ച വിധി പുനപരിശോധിച്ചുകൊണ്ടാണ് കോടതിയുടെ ഉത്തരവ്.
“സാമൂഹിക-സാംസ്‌കാരിക കാരണങ്ങളാല്‍ മിക്ക വീടുകളിലും സ്ത്രീകള്‍ ജോലിക്ക് പോകുന്നില്ല. അതിനാല്‍ കുട്ടിയുടെ കാര്യങ്ങളില്‍ സാമ്പത്തികമായുള്ള സഹായങ്ങള്‍ ചെയ്തുകൊടുക്കാന്‍ കുട്ടിയുടെ പിതാവിന് കടമയുണ്ട്. ഇനി സ്ത്രീകള്‍ക്ക് ജോലിയുണ്ടെങ്കില്‍ തന്നെയും പിതാവിന് കുട്ടിയുടെ ചിലവുകള്‍ ഏറ്റെടുക്കാതിരിക്കാനുള്ള കാരണമായി അതിനെ കണക്കാക്കാനാവില്ല.”
“പതിനെട്ട് വയസ്സ് തികഞ്ഞ മകന്‍ ചിലപ്പോള്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതോ അല്ലെങ്കില്‍ കോളേജില്‍ ആദ്യ വര്‍ഷ വിദ്യാര്‍ഥിയോ ആവാം. എന്നാല്‍ സാമ്പത്തിക സ്വാതന്ത്യം നേടുന്നു എന്ന് അതുകൊണ്ടര്‍ഥമില്ല. മകനുവേണ്ടി പണം ചിലവഴിക്കുന്ന ഭാര്യയ്ക്ക് നഷ്ടപരിഹാരം നല്‍കാനും പിതാവിന് ഉത്തരവാദിത്തമുണ്ട്.” കോടതി ചൂണ്ടിക്കാട്ടി.