ന്യൂഡൽഹി: ക്രിക്കറ്റ് താരമായ യുസ്‌വേന്ദ്ര ചാഹലിനെ ജാതീയമായി ആക്ഷേപിച്ച കേസിൽ മുൻക്രിക്കറ്റ് താരം യുവരാജ് സിങ് അറസ്റ്റിൽ. ഹൻസി പോലീസാണ് യുവരാജിനെ അറസ്റ്റ് ചെയ്തത്. മൂന്നുമണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ താരത്തെ ജാമ്യത്തിൽ വിട്ടു.
ഐപിസി, എസ്‌സി/എസ്ടി ആക്ട് പ്രകാരമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. 2020 ഏപ്രിലിൽ മറ്റൊരു ക്രിക്കറ്റ്താരം രോഹിത് ശർമയുമായി നടത്തിയ ഇൻസ്റ്റഗ്രാം ലൈവിനിടെയാണ് യുവരാജ് വിവാദ പരാമർശം നടത്തിയത്. കീഴ്ജാതിക്കാരെ പരിഹസിക്കാനായി ഉപയോഗിക്കുന്ന വാക്ക് യുവരാജ് ചാഹലിന് നേരെ പ്രയോഗിക്കുകയായിരുന്നു.
ഈ സംഭവം വലിയ കോളിളക്കമുണ്ടാക്കി. പരാമർശത്തിന് എതിരെ ദളിത് സംഘടനകൾ വ്യാപകമായി രംഗത്തെത്തുകയും യുവരാജ് മാപ്പ് പറയണമെന്ന് ആവശ്യപ്പെുടുകയും ചെയ്തു.
കാൻസർ രോഗത്തെപ്പോലും തോൽപ്പിച്ച യുവരാജ് ജാതീയ ചിന്തകളെ എന്നാണ് തോൽപ്പിക്കുക എന്നായിരുന്നു ഉയർന്ന ചോദ്യം. യുവരാജിനെതിരേ ദളിത് ആക്റ്റിവിസ്റ്റും അഭിഭാഷകനുമായ രജത് കൽസനാണ് പരാതി നൽകിയത്. സംഭവം വിവാദമായതോടെ യുവരാജ് മാപ്പുപറഞ്ഞിരുന്നു.