ന്യൂഡല്‍ഹി : കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധി തിരിച്ചെത്തിയേക്കുമെന്ന് സൂചന. അധ്യക്ഷനാകണമെന്ന മുതിര്‍ന്ന നേതാക്കളുടെ ആവശ്യത്തിന് ‘ആലോചിക്കാം’ എന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തന സമിതി യോഗത്തിന് ശേഷം രാഹുല്‍ മറുപടി നല്‍കിയതായാണ് റിപ്പോര്‍ട്ട്.
പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നി, രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്, ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍, മുതിര്‍ന്ന നേതാവ് എ.കെ ആന്റണി തുടങ്ങിയവര്‍ അടക്കമുള്ളവരാണ് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനത്തേക്ക് തിരിച്ചെത്തണമെന്ന ആവശ്യം ഉന്നയിച്ചത്.
2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുണ്ടായ ദയനീയ തോല്‍വിക്ക് പിന്നാലെയാണ് രാഹുല്‍ അധ്യക്ഷ സ്ഥാനം രാജിവെച്ചത്. ഇതിന് പിന്നാലെ പാര്‍ട്ടിയുടെ നേതൃസ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ ഉടലെടുക്കുകയും സോണിയ ഗാന്ധി ഇടക്കാല അധ്യക്ഷയാവുകയും ചെയ്തു.
പുതിയ അധ്യക്ഷനെ സെപ്റ്റംബറില്‍ തിരഞ്ഞെടുക്കുമെന്നാണ് പാര്‍ട്ടി അറിയിച്ചിരിക്കുന്നത്. സംഘടനാ തിരഞ്ഞെടുപ്പിനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കാന്‍ ഡല്‍ഹിയില്‍ നടന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.
Discussion about this post