ന്യൂഡല്‍ഹി : കോണ്‍ഗ്രസിലെ ജി 23 നേതാക്കള്‍ക്കെതിരെ വിമര്‍ശനവുമായി പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി. തന്നോട് പറയാനുള്ള കാര്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെയല്ല നേരിട്ട് പറയണമെന്നും പാര്‍ട്ടിയില്‍ സത്യസന്ധതയാണ് ആഗ്രഹിക്കുന്നതെന്നും പാര്‍ട്ടി പ്രവര്‍ത്തക സമിതി യോഗത്തില്‍ സോണിയ പറഞ്ഞു.
യോഗത്തിന്റെ ആമുഖ പ്രസംഗത്തിലാണ് സോണിയ തിരുത്തല്‍ വാദി നേതാക്കള്‍ക്കെതിരെ ശക്തമായി ആഞ്ഞടിച്ചത്. പാര്‍ട്ടിയില്‍ അച്ചടക്കവും ആത്മനിയന്ത്രണവും ആവശ്യമാണെന്ന് പറഞ്ഞ അവര്‍ നേതാക്കള്‍ ഒന്നടങ്കം ആവശ്യപ്പെടുന്ന പുനരുദ്ധാരണം സാധ്യമാവണമെങ്കില്‍ ഐക്യം വേണമെന്നും വ്യക്തമാക്കി.
“സത്യസന്ധവും സ്വതന്ത്രവുമായ ചര്‍ച്ചകളാണ് നടക്കേണ്ടത്. തന്നോട് പറയാനുള്ള കാര്യങ്ങള്‍ നേരിട്ട് പറയണം. അല്ലാതെ മാധ്യമങ്ങളിലൂടെയല്ല ഇക്കാര്യങ്ങള്‍ അറിയിക്കേണ്ടത്. പ്രവര്‍ത്തക സമിതിയിലുണ്ടായ തീരുമാനമോ ധാരണയോ ആവണം പുറത്ത് പറയേണ്ടത്. നേതാക്കള്‍ തോന്നുംപടിയുള്ള പ്രതികരണങ്ങള്‍ നടത്തരുത്.”സോണിയ പറഞ്ഞു.
പാര്‍ട്ടിയുടെ ഇടക്കാല ആധ്യക്ഷയാണെങ്കിലും മുഴുവന്‍ സമയ അധ്യക്ഷയായാണ് താന്‍ പ്രവര്‍ത്തിക്കുന്നതെന്നറിയിച്ച സോണിയ ഗാന്ധി പാര്‍ട്ടിക്ക് അധ്യക്ഷന്‍ വേണമെന്ന നേതാക്കളുടെ ആവശ്യത്തെ സംബന്ധിച്ചുള്ള തീരുമാനം ഉടന്‍ അറിയിക്കുമെന്നും വ്യക്തമാക്കി.
Discussion about this post