ന്യൂഡല്‍ഹി: എയിംസില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങിനെ കാണാന്‍ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ എത്തിയത് ഫോട്ടോഗ്രാഫര്‍ക്കൊപ്പം. വീട്ടുകാരുടെ എതിര്‍പ്പിനെ മറികടന്ന് മന്ത്രിക്കൊപ്പം ഫോട്ടോഗ്രഫറും മന്‍മോഹന്‍ സിങ്ങിന്റെ മുറിയില്‍ കയറിയത് ഇപ്പോള്‍ വിവാദത്തില്‍ കലാശിച്ചിരിക്കുകയാണ്.
മന്‍മോഹന്റെ ഭാര്യ ഫോാട്ടോഗ്രഫര്‍ പുറത്തുപോകണമെന്ന് ആവശ്യപ്പെട്ടെങ്കിലും അത് അവര്‍ നിരാകരിച്ചു. സംഭവത്തില്‍ പ്രതികരണവുമായി മന്‍മോഹന്‍ സിങിന്റെ മകള്‍ ധമന്‍ദീപ് സിങ് രംഗത്തെത്തി. അമ്മ ദുഃഖിതയാണെന്നും, മന്ത്രി നേരിട്ടെത്തിയതു നല്ലതാണെങ്കിലും കാഴ്ച ബംഗ്ലാവിലെ മൃഗങ്ങളല്ലെന്നും അവര്‍ തുറന്നടിച്ചു.
മന്‍മോഹനെ ആശുപത്രിയിലെത്തി സന്ദര്‍ശിക്കുന്നതിന്റെ ചിത്രങ്ങള്‍ മാണ്ഡവ്യ ട്വിറ്ററില്‍ പങ്കുവച്ചിരുന്നു. സമൂഹമാധ്യമങ്ങളിലെ കടുത്ത എതിര്‍പ്പിനെ മാനിച്ച് ചിത്രം പിന്‍വലിക്കുകയും ചെയ്തിരുന്നു. പനിയെ തുടര്‍ന്നുള്ള ദേഹാസ്വാസ്ഥ്യം മൂലം ചികിത്സയില്‍ കഴിയുന്ന മന്‍മോഹന്‍ സിങ്ങിന്റെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
ഹൃദ്രോഗ വിദഗ്ധന്‍ ഡോ. നിതീഷ് നായിക്കിന്റെ നേതൃത്വത്തിലുള്ള സംഘമാണു ചികിത്സിക്കുന്നത്. മന്‍മോഹന്റെ രോഗമുക്തിക്കായി പ്രാര്‍ഥിക്കുന്നുവെന്നു പ്രധാനമന്ത്രി നരേന്ദ്ര മോഡി ട്വീറ്റ് ചെയ്തു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും ആശുപത്രിയില്‍ എത്തിയിരുന്നു. എന്നാല്‍, ഡോക്ടര്‍മാര്‍, മന്‍മോഹന്റെ ഭാര്യ എന്നിവരുമായി സംസാരിക്കുന്ന ചിത്രങ്ങളാണ് രാഹുല്‍ ഗാന്ധി പുറത്തു വിട്ടത്. അതേസമയം, വിവാദത്തെക്കുറിച്ചു ആരോഗ്യമന്ത്രിയുടെ ഓഫീസ് മൗനം പാലിക്കുകയാണ്.
Discussion about this post