‘ദാരിദ്ര്യവും വിശപ്പും എന്നിവ തുടച്ച് മാറ്റിയതിന്’ മോഡിജിക്ക് അഭിനന്ദനങ്ങള്‍: ആഗോള വിശപ്പ് സൂചികയില്‍ ഇന്ത്യ 101ാം സ്ഥാനത്തെത്തിയതിനെ പരിഹസിച്ച് കപില്‍ സിബല്‍

ന്യൂഡല്‍ഹി: ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യ പിന്നിലേക്ക് പോയതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയ്‌ക്കെതിരെ രൂക്ഷ പരിഹാസവുമായി കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍.

ദാരിദ്ര്യം, വിശപ്പ് എന്നിവ തുടച്ച് മാറ്റിയതിന് ‘മോഡിജിക്ക് അഭിനന്ദനങ്ങള്‍’ എന്നാണ് കപില്‍ സിബലിന്റെ ട്വീറ്റ്. ആഗോള പട്ടിണി സൂചികയിലെ വിവരങ്ങള്‍ക്കൊപ്പം ബംഗ്ലാദേശിനും പാകിസ്ഥാനും നേപ്പാളിനും പിന്നിലാണ് ഇന്ത്യയെന്നും കപില്‍ സിബലിന്റെ ട്വീറ്റ് ഓര്‍മ്മിപ്പിക്കുന്നു.

ആഗോള വിശപ്പ് സൂചിക (ഗ്ലോബല്‍ ഹംഗര്‍ ഇന്‍ഡക്സ്- ജിഎച്ച്ഐ)യില്‍ 94ാം സ്ഥാനത്തുനിന്ന് 101ാം സ്ഥാനത്തേക്കാണ് ഇന്ത്യ തള്ളപ്പെട്ടത്. അയല്‍രാജ്യങ്ങളായ പാകിസ്ഥാനും ബംഗ്ലാദേശിനും പിന്നിലാണ് ഇന്ത്യ. വിശപ്പ് ഗുരുതരമായ 31 രാജ്യങ്ങളുടെ പട്ടികയിലും ഇന്ത്യ ഉണ്ട്. പട്ടിണിയും ദാരിദ്ര്യവും നിര്‍മ്മാര്‍ജനം ചെയ്ത് ഇന്ത്യയെ ആഗോള ശക്തിയാക്കുമെന്ന് മോഡിയുടെ അവകാശവാദങ്ങളെ പരിഹസിച്ചാണ് കപില്‍ സിബലിന്റെ ട്വീറ്റ്.


ചൈന, ബ്രസീല്‍, കുവൈറ്റ് എന്നീ രാജ്യങ്ങള്‍ പട്ടികയില്‍ ആദ്യ പതിനെട്ട് രാജ്യങ്ങളിലുള്‍പ്പെട്ടു. ഈ രാജ്യങ്ങളിലെ ആഗോള പട്ടിണി സൂചിക നിരക്ക് അഞ്ചാണ്. നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ 2030നകം പട്ടിണി കുറയ്ക്കാന്‍ സാധിക്കാത്ത പട്ടികയില്‍ 47 രാജ്യങ്ങളുണ്ട്.

കഴിഞ്ഞവര്‍ഷം ഇന്ത്യ 94ാം സ്ഥാനത്തായിരുന്നു. ഐറിഷ് ഏജന്‍സിയായ കണ്‍സേണ്‍ വേള്‍ഡൈ്വഡും ജര്‍മ്മന്‍ സംഘടനയായ വെല്‍റ്റ് ഹംഗള്‍ ഹൈല്‍ഫും ചേര്‍ന്നാണ് പട്ടിക തയാറാക്കിയിട്ടുള്ളത്. സൊമാലിയ, അഫ്ഗാനിസ്ഥാന്‍, യെമന്‍, നൈജീരിയ തുടങ്ങിയ രാജ്യങ്ങളാണ് ഇന്ത്യയേക്കാള്‍ പിന്നിലുള്ളത്. പാകിസ്ഥാന്‍ (92), നേപ്പാള്‍ (76), ബംഗ്ലാദേശ് (76) തുടങ്ങിയ അയല്‍രാജ്യങ്ങളെല്ലാം ഇന്ത്യയേക്കാള്‍ മുന്നിലാണുള്ളത്.

Exit mobile version