സിങ്ഘുവിലെ കർഷക സമരവേദിയിൽ യുവാവ് കൊല്ലപ്പെട്ടു; കൈ വെട്ടി മാറ്റി പോലീസ് ബാരിക്കേഡിൽ കെട്ടിത്തൂക്കിയ നിലയിൽ

ന്യൂഡൽഹി: സിങ്ഘു അതിർത്തിയിലെ കർഷകസമരത്തിന്റെ വേദിയിൽ യുവാവിനെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തി. കൈ വെട്ടിമാറ്റി പോലീസ് ബാരിക്കേഡിൽ കെട്ടിത്തൂക്കിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കൊല്ലപ്പെട്ടയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. സിഖ് മതത്തിലെ നിഹാംഗ് വിഭാഗത്തിൽ ഉൾപ്പെട്ടവരാണ് യുവാവിനെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് നൽകുന്ന പ്രാഥമിക റിപ്പോർട്ട്. സിഖ് വിശുദ്ധ ഗ്രന്ഥമായ ഗുരു ഗ്രന്ഥ് സാഹിബിനെ അവഹേളിച്ചതാണ് കൊലപാതകത്തിന് കാരണമായതെന്നും വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

യുവാവിനെ തല്ലിക്കൊന്നശേഷം പോലീസ് ബാരിക്കേഡിൽ മൃതദേഹം കെട്ടിത്തൂക്കിയെന്നാണ് നിഗമനം. ഇതിനുശേഷമാണ് കൈ വെട്ടിമാറ്റിയതെന്നും കരുതുന്നു. വിവരമറിഞ്ഞ് സോണിപത് പോലീസ് സ്ഥലത്തെത്തി. യുവാവിന്റെ മൃതദേഹം സിവിൽ ആശുപത്രിയിലേക്ക് മാറ്റി.

അതേസമയം, സംഭവത്തെക്കുറിച്ച് പോലീസ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല കഴിഞ്ഞവർഷവും നിഹാംഗുകാർ ഇത്തരത്തിൽ ദാരുണമായ ആക്രമണം നടത്തിയിരുന്നു. ലോക്ഡൗണിനിടെ പാസ് ചോദിച്ച പോലീസുകാരന്റെ കൈ വെട്ടിമാറ്റിയായിരുന്നു നിഹാംഗ് അംഗങ്ങളുടെ പ്രതികാരം. പട്യാലയിലായിരുന്നു ഈ സംഭവം.

Exit mobile version