ശ്രീനഗർ: ജമ്മുകശ്മീരിൽ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് സൈനികർക്ക് വീരമൃത്യു. ജൂനിയർ കമ്മീഷൻ ഓഫീസറും ഒരു ജവാനുമാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രിയോടെ പൂഞ്ച് ജില്ലയിലെ മെന്തറിൽ നർഖാസ് വനത്തിനുള്ളിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്.
ഗുരുതരമായി പരിക്കേറ്റ രണ്ടു സൈനികരും വൈകാതെ മരണത്തിന് കീഴടങ്ങുകയായിരുന്നു. സംയുക്ത ഓപ്പറേഷനുവേണ്ടിയാണ് സൈനികർ മേഖലയിലെത്തിയതെന്നാണ് റിപ്പോർട്ടുകൾ.
വ്യാഴാഴ്ച വൈകുന്നേരം മുതൽ തീവ്രവാദികളുമായി കനത്ത ഏറ്റമുട്ടലാണ് പൂഞ്ച് മേഖലയിൽ നടക്കുന്നത്. വെടിവെപ്പ് രൂക്ഷമായതോടെ രജോരി-പൂഞ്ച് ദേശീയ പാത താല്ക്കാലികമായി അടച്ചിരുന്നു. ഓപ്പറേഷൻ ഇപ്പോഴും തുടരുന്നതായി സൈന്യം പ്രസ്താവനയിൽ അറിയിച്ചു.
പൂഞ്ച് ജില്ലയിൽ തിങ്കളാഴ്ച ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലം സ്വദേശിയായ വൈശാഖ് ഉൾപ്പെടെ അഞ്ച് സൈനികർ വീരമൃത്യു വരിച്ചിരുന്നു. ഇതേതീവ്രവാദികളാണ് ഇപ്പോൾ മറ്റ് രണ്ട് സൈനികരുടെ ജീവനെടുത്തിരിക്കുന്നതും.
Discussion about this post