രാജ്യത്തെ നയിക്കുക മാത്രമല്ല ചെയ്തത്, യുദ്ധസമയത്തും രാജ്യത്തെ മുന്നില്‍ നിന്ന് നയിച്ചു: ഇന്ദിരാഗാന്ധിയെ പുകഴ്ത്തി രാജ്‌നാഥ് സിംഗ്

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ പുകഴ്ത്തി പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. ഇന്ദിരാഗാന്ധി വര്‍ഷങ്ങളോളം രാജ്യത്തെ നയിക്കുക മാത്രമല്ല ചെയ്തത്, യുദ്ധസമയത്തും അവര്‍ രാജ്യത്തെ മുന്നില്‍ നിന്ന് നയിച്ചുവെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു.

1971ല്‍ പാകിസ്താനെതിരായ യുദ്ധത്തിലെ ഇന്ദിരാഗാന്ധിയുടെ നേതൃപാടവം ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. ‘സായുധ സേനയിലെ സ്ത്രീകള്‍’ എന്ന വിഷയത്തില്‍ ഷാങ്ഹായി കോ ഓപറേഷന്‍ ഓര്‍ഗനൈസേഷന്‍ നടത്തിയ വെബിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഓണ്‍ലൈനായി നടന്ന പരിപാടിയില്‍ റാണി ലക്ഷ്മി ഭായിയെക്കുറിച്ചും മുന്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീലിനെക്കുറിച്ചും അദ്ദേഹം പുകഴ്ത്തി സംസാരിച്ചു. രാജ്യത്തിന്റെ വികസനത്തില്‍ സ്ത്രീശക്തിയുമായി യോജിച്ച് പ്രവര്‍ത്തിക്കുന്നതില്‍ ഇന്ത്യയ്ക്ക് നല്ല അനുഭവ പാരമ്പര്യമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.


രാജ്യസുരക്ഷയുടേയും രാഷ്ട്ര നിര്‍മ്മാണത്തിന്റേയും വിവിധ മേഖലകളില്‍ സ്ത്രീകളുടെ സംഭാവനകള്‍ അംഗീകരിക്കുകയും അവ എടുത്ത് പറയേണ്ടതുമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Exit mobile version