ആലപ്പുഴ: വിഡി സവർക്കറോട് ബ്രിട്ടീഷുകാരോട് മാപ്പ് ചോദിക്കാൻ നിർദേശിച്ചത് മഹാത്മാഗാന്ധിയാണെന്ന കേന്ദ്രമന്ത്രി രാജ്‌നാഥ് സിങിന്റെ പ്രസ്താവനയെ പരിഹസിച്ച് മുൻമന്ത്രി ഡോ. തോമസ് ഐസക്ക്. തന്നെ വധിക്കാൻ ഗോഡ്സെയ്ക്ക് നിർദ്ദേശം നൽകാൻ സവർക്കറോട് ആവശ്യപ്പെട്ടത് സാക്ഷാൽ ഗാന്ധിജി തന്നെയായിരുന്നു, എന്ന ഈയൊരു വാചകം മാത്രമേ ഇനി സംഘപരിവാരത്തിന്റെ നേതാക്കൾ പറയാൻ ബാക്കിയുള്ളൂവെന്നും വൈകാതെ അവരുടെ വായിൽ നിന്ന് അതും നാം കേൾക്കുമെന്നും തോമസ് ഐസക്ക് വിമർശിച്ചു.
ഡോ. തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് കുറിപ്പ്:
“തന്നെ വധിക്കാൻ ഗോഡ്സെയ്ക്ക് നിർദ്ദേശം നൽകാൻ സവർക്കറോട് ആവശ്യപ്പെട്ടത് സാക്ഷാൽ ഗാന്ധിജി തന്നെയായിരുന്നു”. ഗാന്ധിജിയെക്കുറിച്ച് ഈയൊരു വാചകം മാത്രമേ ഇനി സംഘപരിവാരത്തിന്റെ നേതാക്കൾ പറയാൻ ബാക്കിയുള്ളൂ. താമസം വിനാ അവരുടെ വായിൽ നിന്ന് അതും നാം കേൾക്കും. ബാക്കിയെല്ലാം പറഞ്ഞു കഴിഞ്ഞു.
മേൽപ്പറഞ്ഞ പ്രസ്താവനയിലേയ്ക്കുള്ള ദൂരമാണ് കേന്ദ്രമന്ത്രി രാജ്നാഥ് സിംഗ് കഴിഞ്ഞ ദിവസം വെട്ടിച്ചുരുക്കിയത്. ജയിൽ മോചനത്തിന് സവർക്കർ ബ്രിട്ടീഷ് അധികാരികളോട് പലതവണ മാപ്പ് ഇരന്നത് മഹാത്മാ ഗാന്ധിയുടെ നിർദേശാനുസരണമായിരുന്നുവത്രേ. സമാധാന പന്ഥാവിലൂടെ മാത്രമേ സവർക്കറും പ്രവർത്തിക്കൂ എന്ന് ഗാന്ധിജി ഉറപ്പു നൽകിയിരുന്നുപോലും. ഗാന്ധിജി ഇന്ത്യക്ക് ഒഴിച്ചുകൂടാനാകാത്ത ആവശ്യകതയാണെന്നും അതിനാൽ ഗാന്ധിജിയുടെ ആരോഗ്യം നല്ലനിലയിൽ നിലനിർത്തണമെന്നും സവർക്കർ നിർവ്യാജമായി കാംക്ഷിച്ചിരുന്നുപോലും. ഗാന്ധിജിയുടെ അനുമതിയോടെയാണ് സവർക്കർ ഗാന്ധിവധം ആസൂത്രണം ചെയ്തത് എന്നും ഇതേ നാവുകൾ പറയുന്ന കാലം അതിവിദൂരമല്ല.
എത്ര കഴുകിക്കളഞ്ഞിട്ടും ഗാന്ധിവധത്തിന്റെ ചോരക്കറ തങ്ങളുടെ കൈകളിൽ നിന്ന് മായുന്നില്ല എന്ന് സംഘപരിവാരത്തിന് നല്ല ബോധ്യമുണ്ട്. അതുകൊണ്ടാണല്ലോ ഇമ്മാതിരി നുണകൾ അടിച്ചു വിടുന്നത്. നുണകളുടെ സമുദ്രത്തിൽ നീന്തിത്തുടിക്കുന്തോറും ഗാന്ധിജിയുടെ ചോരക്കറ അവരുടെ കൈകളിൽ കൂടുതൽ തെളിയുകയേ ഉള്ളൂ.
അണ്ടിമുക്ക് ശാഖയിലെ ആർഎസ്എസുകാരെപ്പോലും ചിരിപ്പിക്കുന്നതാണ് രാജ്നാഥ് സിംഗിന്റെ ബഡായി. 1911 മുതൽ 1921 വരെയാണ് സവർക്കറുടെ ജയിൽ ജീവിതം. 1911 ജൂലൈ 4നാണ് ആദ്യ ജയിൽവാസം ആരംഭിക്കുന്നത്. ആറു മാസത്തിനകം ആദ്യത്തെ മാപ്പപേക്ഷ. 1913 നവംബർ 14ന് രണ്ടാമത്തേത്. 1914, 1917, 1920 വർഷങ്ങളിൽ പിന്നെയും മാപ്പപേക്ഷ.
ഗാന്ധിജി ഇന്ത്യയിലെത്തിയത് 1915ന്. മൂന്നു വർഷവും കൂടിയെടുത്തു അദ്ദേഹം ഇന്ത്യയുടെ സ്വാതന്ത്ര്യസമരങ്ങളിൽ നേതൃത്വത്തിലേയ്ക്ക് ഉയരാൻ. അപ്പോഴേയ്ക്കും സവർക്കറുടെ എല്ലാ മാപ്പപേക്ഷകളും സമർപ്പിക്കപ്പെട്ടു കഴിഞ്ഞിരുന്നു. ഇക്കാലത്ത് സവർക്കറെ ഗാന്ധിജിയ്ക്ക് എന്തെങ്കിലും പരിചയമെങ്കിലുമുണ്ടായിരുന്നു എന്നു സ്ഥാപിക്കാൻ ഒരു രേഖയും ലഭ്യമല്ല. എന്നിട്ടും ഇങ്ങനെയൊക്കെ തട്ടിവിടണമെങ്കിൽ ഗാന്ധിജിയുടെ ഓർമ്മകൾ രാജ്നാഥ് സിംഗിനെയും കൂട്ടരെയും ഈ കാലത്തും എത്രകണ്ട് ഭയപ്പെടുത്തുന്നുവെന്ന് മനസിലാക്കാം.
ഗോഡ്സെയും സവർക്കറും തമ്മിലുണ്ടായിരുന്ന ആത്മബന്ധം ഗാന്ധിവധത്തിന്റെ ചരിത്രം പഠിച്ചവർക്കെല്ലാം ബോധ്യമാകുന്നതാണ്. സവർക്കറുടെ ജീവചരിത്രത്തിൽ ധനഞ്ജയ് കീർ രേഖപ്പെടുത്തിവെച്ചിരിക്കുന്ന ഒരു സന്ദർഭമുണ്ട്. ഗോഡ്സെയും നാരായണൻ ആപ്തയ്ക്കും തൂക്കുമരവും മറ്റ് അഞ്ചുപേർക്ക് ജീവപര്യന്തവും വിധിച്ചും, സവർക്കറെ സംശയത്തിന്റെ ആനുകൂല്യത്തിൽ വിട്ടയച്ചും വിധി പ്രസ്താവിച്ച് സ്പെഷ്യൽ ജഡ്ജി ആത്മ ചരൺ കസേരയിൽ നിന്ന് എഴുന്നേറ്റ നിമിഷത്തിൽ, പ്രതിക്കൂട്ടിൽ നിന്ന എല്ലാവരും സവർക്കറുടെ പാദങ്ങിൽ വീണു. ഗോഡ്സെയ്ക്കും സഹകൊലയാളികൾക്കും ഗുരുതുല്യനായിരുന്നു സവർക്കർ.
ഗോഡ്സെയെയും നാരായണൻ ആപ്തെയെയും താൻ ഒരു വർഷത്തോളമായി കണ്ടിട്ടേയില്ലെന്നാണ് സവർക്കർ കോടതിയിൽ വാദിച്ചത്. എന്നാൽ സവർക്കറുടെ സെക്രട്ടറി ഗജനൻ ഡാംലെ, അംഗരക്ഷകൻ അപ്പ കസാർ എന്നിവരുടെ മൊഴി അനുസരിച്ച് ഗാന്ധി വധം നടന്ന അതേ ജനുവരിയിൽ രണ്ടു തവണയായി ഇവർ സവർക്കറെ വീട്ടിലെത്തി സന്ദർശിച്ചിട്ടുണ്ട്. ഇവരെ രണ്ടുപേരെയും വിസ്തരിച്ചില്ല എന്നതാണ് ഗാന്ധിവധത്തിന്റെ വിചാരണയിലെ ഏറ്റവും വിചിത്രമായ സംഗതി. ഇവരെ വിചാരണ ചെയ്യുകയും മൊഴി സാധൂകരിക്കുകയും ചെയ്തിരുന്നുവെങ്കിൽ ഒരിക്കലും സവർക്കർ ശിക്ഷയിൽ നിന്ന് ഒഴിവാക്കപ്പെടുമായിരുന്നില്ല.
ഗാന്ധിവധക്കേസിൽ ജീവപര്യന്തം ശിക്ഷപ്പെട്ട ഗോഡ്സെയുടെ സഹോദരൻ ഗോപാൽ ഗോഡ്സെ 1964ലാണ് ജയിൽ മോചിതനായത്. സവർക്കർ അനുകൂലികൾ ഇയാൾക്ക് പൂനെയിൽ ഒരു വലിയ സ്വീകരണം നൽകി. ആ സ്വീകരണ സമ്മേളനത്തിൽ പങ്കെടുത്ത് തരുൺ ഭാരത് എന്ന ആർഎസ്എസ് അനുകൂല മറാത്തി പത്രത്തിന്റെ എഡിറ്റർ ജി വി ഖേദു്കർ നടത്തിയ പ്രസ്താവന വലിയ കോലാഹലമുണ്ടാക്കി. ഗോഡ്സെയെ ഗാന്ധിവധത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ താൻ ശ്രമിച്ചുവെന്നാണ് ഇയാൾ അവകാശപ്പെട്ടത്. പദ്ധതി മുൻകൂട്ടി അറിയാതെ പിന്തിരിപ്പിക്കാൻ ശ്രമിക്കാൻ കഴിയില്ലല്ലോ. സ്വാഭാവികമായും ഈ പ്രസ്താവന പാർലമെന്റിനകത്തും പുറത്തും വലിയ ഒച്ചപ്പാടുണ്ടാക്കി. അങ്ങനെയാണ് ഗാന്ധിവധത്തിന്റെ സൂത്രധാരന്മാരെക്കുറിച്ച് അന്വേഷിക്കാൻ സുപ്രിംകോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് ജീവൻലാൽ കപൂറിനെ ചുമതലപ്പെടുത്തിയത്. സവർക്കറും സംഘവുമല്ലാതെ മാറ്റാരുമല്ല ഈ ഗൂഢാലോചന നടത്തിയത് എന്നായിരുന്നു ആ കമ്മിഷന്റെ കണ്ടെത്തൽ.
ഗാന്ധിവധത്തിന്റെ ശിക്ഷയിൽ നിന്ന് തികച്ചും സാങ്കേതികമായ കാരണങ്ങളാൽ രക്ഷപെട്ടുവെങ്കിലും ആ കുറ്റകൃത്യം ആസൂത്രണം ചെയ്തതിൽ സവർക്കറുടെ പങ്ക് ഉറപ്പിക്കുന്ന അസംഖ്യം തെളിവുകളും മൊഴികളും രാജ്യത്തിന്റെ മുന്നിലുണ്ട്. രാജ്നാഥ് സിംഗിനെപ്പോലുള്ളവരുടെ ബഡായികൾ കൊണ്ട് മാഞ്ഞുപോകുന്ന തെളിവുകളല്ല അവ. സവർക്കറെ വെള്ളപൂശി വിശുദ്ധനാക്കാൻ ശ്രമിക്കുന്തോറും ഗാന്ധിവധത്തിൽ ആർഎസ്എസിന്റെയും സംഘപരിവാരത്തിന്റെയും പങ്ക് കൂടുതൽ കൂടുതൽ തെളിയുക തന്നെ ചെയ്യും.
Discussion about this post