ഒമ്പതാംക്ലാസിൽ 96 ശതമാനം; ഫീസ് അടയ്ക്കാൻ പണമില്ലാത്തതിനെ തുടർന്ന് ആത്മഹത്യാശ്രമം; തിരിച്ചെത്തി വാശിയോടെ പഠിച്ചു; ഗ്രീഷ്മയ്ക്ക് എസ്എസ്എൽസി പരീക്ഷയിൽ ഒന്നാംറാങ്ക്

കൊരട്ടഗിരി: ഫീസടയ്ക്കാൻ പണമില്ലാത്തതിനെ തുടർന്ന് സ്‌കൂളിൽ നിന്നും പുറത്താക്കിയതിനെ തുടർന്ന് മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിക്കുകയും പിന്നീട് തിരിച്ചെത്തി വാശിയോടെ പഠിച്ച് റാങ്ക് നേടി ഞെട്ടിക്കുകയും ചെയ്ത് ഈ വിദ്യാർത്ഥിനി. 16 വയസ്സുകാരി ഗ്രീഷ്മ നായക് ആണ് കർണാടകയുടെ അഭിമാനമായി എസ്എസ്എൽസി പരീക്ഷയ്ക്ക് ഒന്നാംറാങ്ക് നേടിയത്.

കർണാടകയിലെ കൊരട്ടഗിരി സ്വദേശിനിയായ ഈ പെൺകുട്ടിയുടെ ആത്മഹത്യാശ്രമം ഒമ്പതാംക്ലാസിൽ പഠിക്കവെയായിരുന്നു. ഇത് പരാജയപ്പെട്ട് ജീവിതത്തിലേക്ക് തിരികെ വന്ന ഗ്രീഷ്മ പ്രതികാരം ചെയ്തത് എസ്എസ്എൽസി പരീക്ഷയിൽ ഒന്നാം റാങ്ക് നേടിക്കൊണ്ടായിരുന്നു.

ദക്ഷിണ കന്നഡ ജില്ലയിലെ അൽവാസ് ഇംഗ്ലിഷ് മീഡിയം സ്‌കൂളിലെ വിദ്യാർഥിനിയായിരുന്നു ഗ്രീഷ്മ. കർഷകന്റെ മകളായ ഗ്രീഷ്മയ്ക്ക് കോവിഡ് പ്രതിസന്ധി കാരണം സ്‌കൂൾ ഫീസ് അടയ്ക്കാൻ കഴിഞ്ഞിരുന്നില്ല. ഇക്കാരണത്താൽ തന്നെ പഠനവും മുടങ്ങി. സഹോദരി കീർത്തനയാണ് ഗ്രീഷ്മയെ പിന്നീട് പഠിപ്പിച്ചത്.

എന്നാൽ സ്‌കൂളിൽ നിന്ന് പുറത്താക്കിയ ഗ്രീഷ്മയുടെ പേര് ബോർഡ് പരീക്ഷയ്ക്കും അധികൃതർ രജിസ്റ്റർ ചെയ്തിരുന്നില്ല. ഗ്രീഷ്മയുടെ പേര് രജസിസ്റ്റർ ചെയ്യാത്തതിനാൽ ഹാൾ ടിക്കറ്റും ലഭ്യമായില്ല. ഒമ്പതാം ക്ലാസിൽ 96 ശതമാനം മാർക്കോടെ ജയിച്ച വിദ്യാർഥിനിയായ ഗ്രീഷ്മയ്ക്ക് പരീക്ഷ എഴുതാനാകില്ലെന്ന സങ്കടം സഹിക്കാനാകാതെ ആത്മഹത്യക്ക് ശ്രമിച്ചു.

ഇതിന് പിന്നാലെ സ്‌കൂൾ മാനേജ്‌മെന്റിന് എതിരെ പരാതിയുമായി മാതാപിതാക്കൾ വിദ്യാഭ്യാസ വകുപ്പിനെ സമീപിച്ചു. ശേഷം, വിദ്യാഭ്യാസ മന്ത്രി ഇടപെട്ടാണ് ഗ്രീഷ്മ അടക്കമുള്ള വിദ്യാർത്ഥികൾക്ക് ഹാൾ ടിക്കറ്റ് അനുവദിച്ചത്. ഇപ്പോൾ 95.84 ശതമാനം മാർക്ക് വാങ്ങിയാണ് ഗ്രീഷ്മ സംസ്ഥാനത്തെ തന്നെ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്.

Exit mobile version