ന്യൂഡല്‍ഹി: സവര്‍ക്കര്‍ മാപ്പ് അപേക്ഷിച്ചത് രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ നിര്‍ദേശ പ്രകാരമായിരുന്നുവെന്ന് പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്. ഉദയ് മഹുര്‍ക്കര്‍ രചിച്ച വീര്‍ സവര്‍ക്കര്‍: ദി മാന്‍ ഹു കുഡ് ഹാവ് പ്രിവന്റഡ് പാര്‍ട്ടിഷന്‍, എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ മോചിപ്പിക്കാന്‍ പ്രചാരണം നടത്തുന്നത് പോലെ സവര്‍ക്കറെ മോചിപ്പിക്കാനും തങ്ങള്‍ പ്രചാരണം നടത്തുമെന്ന് ഗാന്ധിജി പറഞ്ഞിരുന്നതായും രാജ് നാഥ് സിംഗ് പറയുന്നു. സവര്‍ക്കര്‍ ഒരു ഫാസിസ്റ്റോ നാസിയോ ആയിരുന്നില്ലെന്നും യഥാര്‍ത്ഥ്യബോധമുള്ളയാളും ഒരു തികഞ്ഞ ദേശീയവാദിയുമായിരുന്നെന്നും അദ്ദേഹം അവകാശപ്പെടുന്നു.
ഇന്ത്യന്‍ ചരിത്രത്തിലെ മഹാനായ നായകനായിരുന്ന സവര്‍ക്കര്‍ ഒരു വലിയ സ്വാതന്ത്ര്യസമര സേനാനിയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സവര്‍ക്കറെ അവഗണിക്കുകയും അപമാനിക്കുകയും ചെയ്യുന്നത് ക്ഷമിക്കാനാവില്ലെന്നും രാജ് നാഥ് സിംഗ് തുറന്നടിച്ചു.