ബെയ്ജിങ് : യുദ്ധം ആരംഭിച്ചാല്‍ ഇന്ത്യ തോല്‍ക്കുമെന്ന പ്രകോപനവുമായി ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മുഖപത്രം ഗ്ലോബല്‍ ടൈംസ്. ഇന്ത്യ ആഗ്രഹിക്കുന്ന തരത്തില്‍ അതിര്‍ത്തി ലഭിക്കില്ലെന്നും ചൈന ഏതുവിധേനയും അത് തടയുമെന്നും പത്രത്തിന്റെ എഡിറ്റോറിയല്‍ വ്യക്തമാക്കി.
അതിര്‍ത്തി വിഷയത്തില്‍ സൈനികതല ചര്‍ച്ചകള്‍ പരാജയപ്പെടാന്‍ കാരണം ചൈനയാണെന്ന ഇന്ത്യയുടെ വാദത്തിന് പിന്നാലെയാണ് ചൈനയുടെ പ്രകോപനം. ഇന്ത്യ മുന്നോട്ടുവച്ച നിര്‍ദേശങ്ങളൊന്നും അംഗീകരിക്കാന്‍ ചൈന തയ്യാറായിട്ടില്ലെന്നും ഇതാണ് ചര്‍ച്ച പരാജയപ്പെടാന്‍ കാരണമെന്നുമായിരുന്നു ഇന്ത്യ അറിയിച്ചത്.
ഇതിന് മറുപടി എന്ന നിലയ്ക്കാണ് പത്രത്തിന്റെ എഡിറ്റോറിയല്‍. അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാന്‍ ചൈന മുന്നോട്ട് വച്ച നിര്‍ദേശങ്ങളൊക്കെയും തള്ളി തികച്ചും അപ്രായോഗികമായ ആശയങ്ങളാണ് ഇന്ത്യ അവതരിപ്പിക്കുന്നതെന്നും ഇത് പ്രശ്‌നം കൂടുതല്‍ വഷളാക്കുകയാണെന്നും എഡിറ്റോറിയല്‍ പറയുന്നു. അതിര്‍ത്തി പ്രശ്‌നത്തില്‍ ഉചിതമായ തീരുമാനം കൈക്കൊള്ളുന്നതുവരെ കരുതിയിരിക്കാമെന്നും ചൈനയുടെ അതിര്‍ത്തി ചൈനയുടേത് മാത്രമാണെന്ന് ഓര്‍മയുണ്ടാവണമെന്നും റിപ്പോര്‍ട്ടിലുണ്ട്.
“സമവായമില്ലാതെ അതിര്‍ത്തിയിലെ സംഘര്‍ഷം വളരെക്കാലം നിലനിര്‍ത്താന്‍ പ്രാപ്തരായ ശക്തികളാണ് ഇന്ത്യയും ചൈനയുമെന്ന് ലോകത്തിനറിയാം. ഇത്തരത്തിലുള്ള നീക്കം ഖേദകരമാണ്. എന്നിരുന്നാലും ഇന്ത്യ അതിന് മുതിര്‍ന്നാല്‍ ചൈനയ്ക്കും മറ്റൊരു തീരുമാനമുണ്ടാവില്ല. ഏത് രാഷ്ട്രീയ കുതന്ത്രവും സമ്മര്‍ദവും ചൈന നേരിടും. യുദ്ധം തുടങ്ങിയാല്‍ ഇന്ത്യ തോല്‍ക്കുമെന്നുറപ്പാണ്.” ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ടില്‍ അറിയിച്ചു.
അതിര്‍ത്തിയിലെ സമാധാനവും സുസ്ഥിരതയും കാത്തു സൂക്ഷിക്കാന്‍ ഇന്ത്യ ഉചിതമായ തീരുമാനങ്ങള്‍ കൈക്കൊള്ളുമെന്നാണ് ചൈന പ്രതീക്ഷിക്കുന്നതെന്ന് ചൈനീസ് സൈന്യത്തിലെ സീനിയര്‍ കേണല്‍ ലോങ് ഷവോഹുവ സൈനിക തല ചര്‍ച്ചകള്‍ പൂര്‍ത്തിയായതിന് പിന്നാലെ പ്രതികരിച്ചിരുന്നു.