ന്യൂഡൽഹി: രാജ്യത്തിന് ഭാരമാണ് വിദ്യാഭ്യാസം ഇല്ലാത്തവർ എന്ന് കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷാ. നിരക്ഷരർക്ക് ഇന്ത്യയിലെ നല്ല പൗരൻമാരാകാൻ കഴിയില്ലെന്നും ആഭ്യന്തരമന്ത്രി പ്രസ്താവിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോഡി ഭരണരംഗത്ത് എത്തിയതിൻറെ 20ാം വാർഷികത്തോട് അനുബന്ധിച്ച് സൻസദ് ടിവിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു അമിത്ഷായുടെ പ്രതികരണം.
‘വിദ്യാഭ്യാസമില്ലാത്തൊരാൾ രാജ്യത്തിന് ഭാരമാണ്. അവർക്ക് ഭരണഘടന നൽകിയ അവകാശങ്ങൾ അറിയില്ല. അവരിൽനിന്ന് പ്രതീക്ഷിക്കുന്ന കടമകൾ എന്താണെന്നും അറിയിച്ചു. ഇത്തരക്കാരെ എങ്ങനെ നല്ല പൗരൻമാരെന്ന് വിളിക്കാനാകും’-അമിത് ഷാ ചോദിച്ചു.
നരേന്ദ്രമോഡി ഗുജറാത്ത് മുഖ്യമന്ത്രിയായ ആ സമയത്ത് സ്‌കൂളിലെ വവിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്ക് ഗണ്യമായി കുറച്ചെന്നും ഒരു ഉത്സവം പോലെ അദ്ദേഹം എൻറോൾമെന്റ് പ്രക്രിയ ഏറ്റെടുത്താണ് മാറ്റം കൊണ്ടുവന്നതെന്നും അമിത് ഷാ പറഞ്ഞു.
‘മാതാപിതാക്കളുടെ സംഘടന രൂപീകരിച്ചു. ഒരു കുട്ടി സ്‌കൂളിൽ വന്നില്ലെങ്കിൽ അതിന്റെ കാരണം അന്വേഷിച്ചു. അധ്യാപകരുടെ ഉത്തരവാദിത്തം നിശ്ചയിച്ചു. ഇതിന്റെ ഫലമായി കൊഴിഞ്ഞുപോക്ക് 37 ശതമാനത്തിൽനിന്ന് ഒരു ശതമാനത്തിലേക്ക് കുറഞ്ഞു’-അമിത് ഷാ പറഞ്ഞു.
തനിക്ക് അറിയാവുന്നതിൽ വെച്ച് ഏറ്റവും വലിയ ജനാധിപത്യവാദിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെന്നും അമിത് ഷാ പറഞ്ഞിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോഡി സ്വേച്ഛാധിപതിയാണെന്ന ആരോപണം ഉണ്ടല്ലോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അമിത് ഷാ.
Discussion about this post