ആഗ്ര: ഇന്ത്യയുടെ പൈതൃകത്തിന്റെ ഭാഗമാണ് ശ്രീരാമനും ശ്രീകൃഷ്ണനും രാമായണവും ഭഗവദ്ഗീതയും വാൽമീകിയും വേദവ്യാസനുമെല്ലാം, ഇവയോട് ആദരവ് കാണിക്കണമെന്ന് അലഹബാദ് ഹൈക്കോടതി. ആദരം പ്രകടിപ്പിക്കാൻ പാർലമെന്റ് നിയമം കൊണ്ടുവരണമെന്നും അലഹബാദ് ഹൈക്കോടതി നിരീക്ഷിച്ചു.
ഏകാംഗബെഞ്ച് ജഡ്ജി ജസ്റ്റിസ് ശേഖർ കുമാർ യാദവിന്റേതാണ് പരാമർശം. നേരത്തേ പശുവിനെ അറുത്തെന്ന കേസിൽ പ്രതിക്ക് ജാമ്യം നിഷേധിച്ച ജഡ്ജിയാണ് ഇദ്ദേഹം. അന്ന് പശുവിനെ ദേശീയമൃഗമായി പ്രഖ്യാപിക്കണമെന്നും ജഡ്ജി ആവശ്യപ്പെട്ടിരുന്നു.
ഇതിന് പിന്നാലെയാണ്, രാമനെയും കൃഷ്ണനെയും ആക്ഷേപിക്കുന്ന വിധത്തിൽ ഫേസ്ബുക്കിൽ പരാമർശം നടത്തിയ കേസിൽ ആകാശ് ജാദവ് എന്ന സൂര്യപ്രകാശിന് ജാമ്യം അനുവദിക്കുന്നതിനിടെയാണ് കോടതി പൈതൃക സംരക്ഷണത്തെ കുറിച്ച് പരാമർശം നടത്തിയത്.
രാജ്യത്തെ ഭൂരിപക്ഷത്തിന്റെ വിശ്വാസത്തെ ചോദ്യംചെയ്യുന്നതാണ് ആകാശ് ജാദവിന്റെ നടപടിയെന്നും ഇത്തരം ചെയ്തികൾ സമാധാനത്തിനും സാഹോദര്യത്തിനും ഭീഷണിയാണെന്നും കോടതി നിരീക്ഷിച്ചു.
ഒരു നിരീശ്വരവാദിക്ക് ദൈവത്തിൽ വിശ്വസിക്കാതിരിക്കാൻ സ്വാതന്ത്ര്യമുണ്ട്. എന്നാൽ ദൈവത്തെക്കുറിച്ച് അപകീർത്തിപരമായ ചിത്രങ്ങളോ എഴുത്തോ പരസ്യമായി വിളിച്ചുപറയാൻ അധികാരമില്ല.
ആയിരക്കണക്കിന് വർഷങ്ങളായി രാജ്യത്ത് ആരാധിക്കപ്പെട്ടുവരുന്നവരാണ് ശ്രീരാമനും ശ്രീകൃഷ്ണനുമെല്ലാം. എന്നാൽ കഴിഞ്ഞകുറച്ചുകാലമായി മോശമായ പല പരാമർശങ്ങളും അതേത്തുടർന്ന് വിവാദങ്ങളും ഉണ്ടാവുന്നുണ്ട്.
ഹിന്ദു, ഇസ്‌ലാം, ക്രിസ്ത്യൻ, സിഖ് തുടങ്ങിയ ഒരു മതത്തിലും ഇത് ഉണ്ടാവാൻ പാടില്ലെന്നും കോടതി പറഞ്ഞു.