മുംബൈ: കല്‍ക്കരി പ്രതിസന്ധിയെ തുടര്‍ന്ന് മഹാരാഷ്ട്രയിലെ പതിമൂന്ന് താപവൈദ്യുത പ്ലാന്റ് യൂണിറ്റുകളും പഞ്ചാബില്‍ മൂന്ന് താപവൈദ്യുത നിലയങ്ങളും അടച്ചുപൂട്ടി.
3330 മെഗാവാട്ടിന്റെ ക്ഷാമമാണ് ഇപ്പോള്‍ മഹാരാഷ്ട്ര നേരിടുന്നത്. അടിയന്തര സാഹചര്യത്തെ നേരിടാന്‍ ഹൈഡ്രോപവര്‍ യൂണിറ്റുകളില്‍ നിന്ന് വൈദ്യുതി എത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് മഹാരാഷ്ട്ര വൈദ്യുത സ്റ്റേറ്റ് ഇലക്ട്രിസിറ്റ് കമ്മീഷന് വ്യക്തമാക്കി. സംസ്ഥാനത്തെ ജനങ്ങള്‍ രാവിലെ 6 മുതല്‍ 10 വരേയും വൈകുന്നേരം 6 മുതല്‍ പത്ത് വരേയും വൈദ്യുതി സൂക്ഷിച്ച് ഉപയോഗിക്കണമെന്നും ഡിപ്പാര്‍ട്ട്മെന്റ് ആവശ്യപ്പെട്ടു.
അതേസമയം പഞ്ചാബും സമാനമായ സാഹചര്യം നേരിടുകയാണ്. 5620 മെഗാവാട്ട് ആണ് പഞ്ചാബിലെ താപവൈദ്യുതി നിലയങ്ങളുടെ ആകെ ഉത്പാദനശേഷി. എന്നാല്‍ നിലവില്‍ 2800 മെഗാവാട്ട് വൈദ്യുതി മാത്രമാണ് സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്നത്. രൂപ്നഗര്‍, രജ്പുര, തല്‍വാണ്ടി സബോ, ഗോയിന്ദ്വാള് സാഹിബ് എന്നീ പ്ലാന്റുകള്‍ മാത്രമാണ് ഇപ്പോള്‍ ഏതാനും ദിവസങ്ങളായി പ്രവര്‍ത്തിക്കുന്നത്.
കല്‍ക്കരി ക്ഷാമത്തെ തുടര്‍ന്ന് മൂന്ന് പ്ലാന്റുകളും സാങ്കേതിക പ്രശ്നങ്ങളെ തുടര്‍ന്ന് രണ്ട് പ്ലാന്റുകളും അടച്ചുപൂട്ടാന്‍ നിര്‍ബന്ധിതരായെന്ന് മുഖ്യമന്ത്രി ചരണ്‍ജിത്ത് സിങ് ചന്നി വിശദീകരിച്ചു. പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണം. ഏതാനും ദിവസങ്ങള്‍ക്കുളളില്‍ സംസ്ഥാനത്തെ കല്‍ക്കരി സ്റ്റോക്ക് തീരും. പഞ്ചാബിനുള്ള കല്‍ക്കരി വിതരണം വര്‍ധിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Discussion about this post