ന്യൂഡല്‍ഹി: രാജ്യത്തെ കല്‍ക്കരി ക്ഷാമവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശവുമായി ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. കോവിഡിന്റെ രണ്ടാംഘട്ട വ്യാപനത്തിനിടെ കടുത്ത ഓക്സിജന്‍ ക്ഷാമം നേരിട്ടപ്പോഴും അത്തരത്തില്‍ ഒരു പ്രതിസന്ധിയേ ഇല്ല എന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞതെന്ന് സിസോദിയ ചൂണ്ടിക്കാട്ടി. നിലവില്‍ കല്‍ക്കരിയുടെ അവസ്ഥയും അതുതന്നെ. കടുത്ത പ്രതിസന്ധിയാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.
കല്‍ക്കരി ക്ഷാമത്തിന്റെ പേരില്‍ സംസ്ഥാനങ്ങള്‍ നിയന്ത്രണത്തിലേക്ക് പോകുമ്പോള്‍
അനാവശ്യമായ ഭീതിയാണ് ചിലര്‍ സൃഷ്ടിക്കുന്നതെന്ന് കേന്ദ്ര ഊര്‍ജമന്ത്രി ആര്‍കെ സിങ് നേരത്തെ പറഞ്ഞിരുന്നു. രാജ്യത്ത് ആവശ്യത്തിന് വൈദ്യുതി ലഭ്യമാണെന്നും നിലവിലെ പ്രശ്നങ്ങള്‍ ദിവസങ്ങള്‍ക്കകം പരിഹരിക്കാന്‍ കഴിയുമെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു.
പിന്നാലെയാണ് കേന്ദ്രത്തിനെതിരെ വിമര്‍ശവുമായി സിസോദിയ രംഗത്തെത്തിയത്. കേന്ദ്ര ഊര്‍ജമന്ത്രി നടത്തിയത് നിരുത്തരവാദപരമായ പ്രസ്താവനയാണെന്ന് സിസോദിയ ആരോപിച്ചു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ വൈദ്യുതി പ്രതിസന്ധി സംബന്ധിച്ച മുന്നറിയിപ്പുകള്‍ നല്‍കുന്നതിനിടെയാണ് കേന്ദ്രമന്ത്രി ഇത്തരത്തില്‍ സംസാരിക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.
ഗുജറാത്ത്, പഞ്ചാബ്, രാജസ്ഥാന്, ഡല്‍ഹി, തമിഴ്നാട്, കേരളം തുടങ്ങിയ സംസ്ഥാനങ്ങള്‍ വൈദ്യുതി പ്രതിസന്ധി സംബന്ധിച്ച ആശങ്ക ഉയര്‍ത്തിയിരുന്നു. രാജ്യതലസ്ഥാനം നേരിടാന്‍ പോകുന്ന വൈദ്യുതി പ്രതിസന്ധി ഒഴിവാക്കണമെന്ന് അഭ്യര്‍ഥിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് പ്രധാനമന്ത്രിക്ക് കത്തയയ്ക്കുകയും ചെയ്തിരുന്നു.
ഊര്‍ജപ്രതിസന്ധി കേരളത്തെ ബാധിച്ചുകഴിഞ്ഞതായും ഇതിനെ നേരിടാന്‍ സംസ്ഥാനത്ത് പവര്‍കട്ട് ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് വൈദ്യുതിമന്ത്രി കെ.കൃഷ്ണന്‍കുട്ടി പറഞ്ഞിരുന്നു.
ഊര്‍ജ ഉത്പാദനം വര്‍ധിച്ചതും കനത്തമഴയില്‍ കല്‍ക്കരി വെള്ളത്തിലായതുമാണ് രാജ്യത്ത് കല്‍ക്കരി ക്ഷാമം രൂക്ഷമാകാന്‍ കാരണമായത്. നാലു ദിവസം കൂടി ഉപയോഗിക്കാനുള്ള കല്‍ക്കരി മാത്രമാണ് പല നിലയങ്ങളിലുമുള്ളത്. ഇതോടെ പ്രവര്‍ത്തനം അടുത്ത ദിവസങ്ങളില്‍ നില്‍ക്കുമെന്നാണ് വിവരം.
നിലവിലെ സാഹചര്യം തുടരുകയാണെങ്കില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ ഇത് സാരമായി ബാധിക്കുമെന്ന് നിരീക്ഷിക്കപ്പെടുന്നത്. രാജ്യാന്തര വിപണിയില്‍ കല്‍ക്കരിക്ക് വില കൂടിയത് ഇറക്കുമതിയേയും ബാധിച്ചു. 104 താപനിലയങ്ങളില്‍ 14,875 മെഗാവാട്ട് ശേഷിയുള്ള 15 നിലയങ്ങളില്‍ സെപ്റ്റംബര്‍ 30ന് തന്നെ സ്റ്റോക്ക് തീര്‍ന്നു. 39 നിലയങ്ങളില്‍ മൂന്നു ദിവസം വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള കല്‍ക്കരി ശേഖരമേ അവശേഷിക്കുന്നുളളൂ.
Discussion about this post