ലഖ്‌നൗ: വരാനിരിക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനായി കുപ്പായം തുന്നിയ ആശിഷ് മിശ്രയുടെ അറസ്റ്റ് ബിജെപിക്കും കനത്ത തിരിച്ചടിയാകുന്നു. ലഖിംപുരിൽ പ്രതിഷേധക്കാർക്കിടയിലേക്ക് വാഹനമിടിച്ചുകയറ്റി കർഷകരെ കൊലപ്പെടുത്തിയ കേസിലാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര അറസ്റ്റിലായത്. ഇയാൾ സ്ഥാനാർത്ഥിയായി സ്വയം പ്രഖ്യാപനം നടത്തുകയും അനുനായികൾ ഗ്രാമങ്ങളിൽ ചുമരെഴുത്ത് ആരംഭിക്കുകയും ചെയ്തിരുന്നതാണ്.
നിഘാസർ മണ്ഡലത്തിൽ നിന്നുള്ള സ്ഥാനാർഥിയായേക്കുമെന്ന് കരുതിയിരുന്നയാളാണ് ‘മോനുഭയ്യ’ എന്ന് അനുനായികൾ വിളിക്കുന്ന ആശിഷ് മിശ്ര. തേനി മഹാരാജ് എന്നറിയപ്പെടുന്ന ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ അധികാരം മകൻ ആശിഷ് ഏറെ ആസ്വദിച്ചിരുന്നു.
എംപി സ്റ്റിക്കർ പതിച്ച എസ്‌യുവിയിലായിരുന്നു ലഖിംപുർ ഖേരിയിലെ നിഘാസർ പ്രദേശത്ത് ആശിഷ് മിശ്രയുടെ കറക്കം. അജയ് മിശ്രയും മകനും ചേർന്ന് ഈമാസം മൂന്നിന് സംഘടിപ്പിച്ച പരിപാടി പോലും ഇവരുടെ ശക്തിപ്രകടനമായിരുന്നു. തങ്ങളുടെ ശക്തി നേതൃത്വത്തെ ബോധ്യപ്പടുത്താനും അതുവഴി നിയമസഭാ സീറ്റിനുള്ള അവകാശവാദം ഉന്നയിക്കാനുമായാണ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയെ മുഖ്യാഥിതിയായി ക്ഷണിച്ചുകൊണ്ട് ഇരുവരും പരിപാടി സംഘടിപ്പിച്ചത്.
ഇവിടേക്കാണ് പ്രതിഷേധവുമായി കർഷകർ എത്തിയത്. കേശവ് പ്രസാദ് മൗര്യയെ സ്വീകരിക്കാനായി മൂന്ന് വാഹനങ്ങളിലായി പുറപ്പെട്ടതായിരുന്നു ആശിഷും സംഘവും. ഒരു ജീപ്പു രണ്ട് എസ്‌യുവിയും. ഈ വാഹനങ്ങളാണ് കർഷകർക്ക് മേലെ ഓടിച്ചുകയറ്റിയത്.
ഈ വാഹനത്തിലൊന്നിൽ ആശിഷ് മിശ്രയുണ്ടായിരുന്നുവെന്നാണ് ദൃസാക്ഷി മൊഴി. എന്നാൽ സമരക്കാർക്കിടയിലേക്ക് ഇടിച്ചുകയറ്റിയ വാഹനത്തിൽ താനുണ്ടായിരുന്നില്ലെന്ന് ആശിഷ് അന്വേഷണസംഘത്തിന് മൊഴി നൽകിയിട്ടുണ്ട്. ഇതിനെ സാധൂകരിക്കാൻ മൊബൈലിലെടുത്ത വീഡിയോകളും 10 വ്യക്തികളുടെ സാക്ഷ്യപത്രങ്ങളും ഹാജരാക്കി. എന്നാലിതൊന്നും ആ സമയം ആശിഷ് എവിടെയായിരുന്നെന്ന് കൃത്യമായി തെളിയിക്കാൻ പര്യാപ്തമല്ലെന്നാണ് പോലീസ് നൽകുന്ന സൂചന.
ബ്രാഹ്മണ വിഭാഗത്തിന് മേധാവിത്വമുള്ള ആശിഷിന്റെ നിഘാസർ മണ്ഡലത്തിൽ ഇയാൾ തന്നെ മത്സരിക്കുമെന്നാണ് അനുനായികൾ ഇപ്പോഴും കരുതുന്നത്. ഈ പ്രശ്‌നങ്ങൾക്കിടയിലും ആശിഷിന് തെരഞ്ഞടുപ്പിൽ വിജയിക്കാനാകുമെന്നാണ് അനുനായികൾ കരുതുന്നത്. എന്നാൽ ബിജെപി ആശിഷിന് ടിക്കറ്റ് നൽകിയേക്കില്ലെന്നാണ് ഭൂരിഭാഗവും വിശ്വസിക്കുന്നത്.