ന്യൂഡൽഹി: ഉത്തർപ്രദേശിലെ ലഖിംപുർ സംഭവത്തെക്കുറിച്ചുള്ള പരാമർശത്തെ തുടർന്ന് ബിജെപി നിർവാഹക സമിതിയിൽ നിന്ന് പുറത്താക്കിയതിനോട് പ്രതികരിച്ച് ബിജെപി എംപി വരുൺ ഗാന്ധി. കഴിഞ്ഞ അഞ്ച് വർഷമായി താൻ ഒരു സമിതിയോഗത്തിൽ പോലും പങ്കെടുത്തിട്ടില്ല. താൻ അതിൽ ഉണ്ടെന്നുപോലും തോന്നുന്നില്ലെന്നും വരുൺ ഗാന്ധി എഎൻഐയോട് പ്രതികരിച്ചു.
ലഖിംപുർ ഖേരി സംഭവത്തിൽ കടുത്ത വിമർശനമുന്നയിച്ച എംപി വരുൺഗാന്ധി, മുൻ കേന്ദ്രമന്ത്രിയും എംപിയുമായ മേനകാ ഗാന്ധി, മുൻമന്ത്രി ബീരേന്ദ്ര സിങ് എന്നിവരെ ഒഴിവാക്കി ബിജെപി എൺപതംഗ ദേശീയ നിർവാഹകസമിതിയെ കഴിഞ്ഞദിവസമാണ് തെരഞ്ഞെടുത്തത്.
‘കൊലപാതകത്തിലൂടെ പ്രതിഷേധക്കാരെ നിശ്ശബ്ദരാക്കാനാകില്ല. നിരപരാധികളായ കർഷകരുടെ മരണത്തിന് ഉത്തരവാദികളെ കണ്ടെത്തണം. കർഷകന്റെ മനസ്സിൽ അക്രമത്തിന്റെയും വിദ്വേഷത്തിന്റെയും സന്ദേശമെത്തും മുമ്പ് നീതി ലഭ്യമാക്കണം ‘- എന്നാണ് ലഖിംപുർ ഖേരി സംഭവത്തിന് പിന്നാലെ പാർട്ടിയെ വിമർശിച്ചുകൊണ്ട് വരുൺഗാന്ധി പ്രതികരിച്ചത്. അതിവേഗത്തിൽ വന്ന ജീപ്പ് ആളുകളെ ഇടിച്ച് തെറിപ്പിക്കുന്ന വീഡിയോയും വരുൺ പങ്കുവെച്ചിരുന്നു. ഈ പ്രതികരണമാണ് വരുണിന്റെ നിർവാഹക സമിതിയിൽ നിന്നും പുറത്തേക്കുള്ള പാത തുറന്നത്.
ലഖിംപുർ ഖേരിയിൽ കർഷകരും മാധ്യമ പ്രവർത്തകനുമടക്കം എട്ട് പേരാണ് കൊല്ലപ്പെട്ടത്. കാർ ഇടിപ്പിച്ച് കർഷകരെ കൊലപ്പെടുത്തിയത് കേന്ദ്ര ആഭ്യന്തസഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര ഉൾപ്പെടെയുള്ളവരാണ്. ഇവർക്കെതിരേയാണ് കേസ്.
Discussion about this post