ജയ്പൂര്‍: രാജ്യത്ത് ഉപയോഗിക്കുന്ന 2000, 500 നോട്ടുകളിലുള്ള മഹാത്മാഗാന്ധിയുടെ ചിത്രം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് എംഎല്‍എ. രാജസ്ഥാനിലെ കോണ്‍ഗ്രസ് എംഎല്‍എ ഭരത് സിംഗാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കത്തെഴുതിയിരിക്കുന്നത്.
പ്രധാനമായും അഴിമതിയാണ് ഗാന്ധിയുടെ ചിത്രം നീക്കം ചെയ്യാന്‍ ഭരത് സിംഗ് ആവശ്യപ്പെടുന്നതിന് പിന്നില്‍. അഴിമതിക്കാരും കൈക്കൂലിക്കാരും ഏറ്റവും കൂടുതല്‍ കൈപ്പറ്റുന്നത് 500,2000 നോട്ടുകളാണ്. അതിനാല്‍ തന്നെ ഇതില്‍ മഹാത്മ ഗാന്ധിയുടെ പടം വയ്ക്കരുത് കോണ്‍ഗ്രസ് എംഎല്‍എ പറയുന്നു. പകരം 500, 2000 നോട്ടുകളില്‍ മോഡിയുടെ പടം വെക്കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു.
എന്നാല്‍ 5,10,50,100 നോട്ടുകളില്‍ ഗാന്ധിയുടെ ചിത്രം നിലനിര്‍ത്തണം എന്നും ഭാരത് സിംഗ് ആവശ്യപ്പെടുന്നുണ്ട് കത്തില്‍. ചെറിയ മൂല്യങ്ങളുള്ള നോട്ടുകള്‍ ഉപയോഗിക്കുന്നത് പാവങ്ങളാണ് അതിനാല്‍ തന്നെ അവരുടെ ഉന്നതിയിലേക്കുള്ള ചിഹ്നമായി ചെറിയ നോട്ടുകളില്‍ കണ്ണട ധരിച്ച ഗാന്ധിയുടെ പ്രശസ്തമായ ചിത്രം വേണം എംഎല്‍എ പറയുന്നു.
ഗാന്ധിക്ക് പകരം വലിയ നോട്ടുകളില്‍ ആശോക ചക്രം വയ്ക്കണം എന്നാണ് ഭരത് സിംഗ് ആവശ്യപ്പെടുന്നത്. വലിയ നോട്ടുകളിലെ ഗാന്ധിജിയുടെ പടം അദ്ദേഹത്തിന് അപകീര്‍ത്തി ഉണ്ടാക്കുന്നതാണെന്ന് എംഎല്‍എ പറയുന്നു.