ന്യൂഡല്‍ഹി: വിനോദ സഞ്ചാരികളെ സ്വാഗതം ചെയ്ത് ഇന്ത്യ. ചാര്‍ട്ടേഡ് വിമാനത്തിലെത്തുന്ന വിദേശികള്‍ക്ക് ആഭ്യന്തരമന്ത്രാലയം ഈ മാസം 15 മുതല്‍ വിസ നല്‍കും. സാധാരണ വിമാന സര്‍വീസില്‍ എത്തുന്നവര്‍ക്ക് നവംബര്‍ 15 മുതല്‍ വിസ അനുവദിക്കാനും തീരുമാനം. ഇന്ത്യയിലെത്തുന്ന വിനോദസഞ്ചാരികള്‍ രാജ്യത്തെ കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
കോവിഡ്-19 മഹാമാരിയെ തുടര്‍ന്ന് വിദേശ പൗരന്മാര്ക്ക് നല്‍കിയിരുന്ന എല്ലാത്തരം വിസകളും കഴിഞ്ഞവര്‍ഷം താല്‍ക്കാലികമായി റദ്ദാക്കിയിരുന്നു. കൂടാതെ കോവിഡ് വ്യാപനം തടയുന്നതിനായി അന്താരാഷ്ട്ര യാത്രകള്ക്കുമേല് മറ്റ് നിയന്ത്രണങ്ങളും കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്നു.
എന്നാല്‍ കോവിഡ് സ്ഥിതിഗതികള്‍ വിലയിരുത്തിയതിനെത്തുടര്‍ന്ന്, ഇന്ത്യയില്‍ പ്രവേശിക്കുന്നതിനും താമസിക്കുന്നതിനുമായി ടൂറിസ്റ്റ് വിസ ഒഴിച്ചുള്ള മറ്റ് എല്ലാത്തരം വിസകളും ഉപയോഗിക്കാന്‍ വിദേശ പൗരന്മാര്ക്ക് അനുമതി നല്‍കിയിരുന്നു.
രാജ്യത്ത് എത്തുന്ന വിദേശ സഞ്ചാരികള്‍, അവരുമായി എത്തുന്ന വിമാനങ്ങള്‍, ലാന്‍ഡിങ് കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ തുടങ്ങിയവര്‍ കോവിഡ്-19 നുമായി ബന്ധപ്പെട്ട് ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം കാലാകാലങ്ങളില്‍ പുറപ്പെടുവിക്കുന്ന എല്ലാത്തരം നിയന്ത്രണങ്ങളും ചട്ടങ്ങളും കൃത്യമായി പാലിക്കണം.
Discussion about this post