ന്യൂഡല്‍ഹി: പശ്ചിമ ബംഗാളില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നടത്താനിരുന്ന രഥയാത്ര വിലക്കിയ കല്‍ക്കട്ട ഹൈക്കോടതി വിധിക്കെതിരെ ബിജെപി സുപ്രീംകോടതിയിലേക്ക്. സുപ്രീംകോടതിയുടെ അവധിക്കാല ബെഞ്ചിനെ സമീപിക്കാനാണ് ബിജെപി ഒരുങ്ങുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ബിജെപി പശ്ചിമബംഗാളില്‍ അമിത് ഷായുടെ നേതൃത്വത്തില്‍ രഥയാത്ര നടത്താനിരുന്നത്. എന്നാല്‍ വര്‍ഗീയ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സര്‍ക്കാര്‍ രഥയാത്രയ്ക്കു അനുമതി നിഷേധിച്ചിരുന്നു.
ഇതിനു പിന്നാലെ കല്‍ക്കട്ട ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ചിനെ സമീപിച്ച അമിത് ഷായ്ക്ക് രഥയാത്രയ്ക്കു അനുമതി ലഭിച്ചു. എന്നാല്‍ സിംഗില്‍ ബെഞ്ച് വിധിക്കെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വെള്ളിയാഴ്ച കല്‍ക്കട്ട ഹൈക്കോടതിയുടെ ഡിവിഷന് ബെഞ്ച് യാത്രയ്ക്കു വിലക്ക് വീണ്ടും ഏര്‍പ്പെടുത്തി.
ചീഫ് ജസ്റ്റീസ് ദേബാശിഷ് കര് ഗുപ്ത അധ്യക്ഷനായ ഡിവിഷന് ബെഞ്ചാണ് രഥ യാത്ര വിലക്കിയത്. ബംഗാളില്‍ മൂന്ന് രഥയാത്രകള്‍ നടത്തുന്നതിനാണ് കല്‍ക്കട്ട ഹൈക്കോടതിയുടെ സിംഗില്‍ ബെഞ്ച് ബിജെപിക്ക് അനുമതി നല്‍കിയത്. ഡിസംബര്‍ ഏഴിന് കൂച്ച്ബഹാര്‍ ജില്ലയില്‍ നിന്നാണ് രഥയാത്ര ആരംഭിക്കാന്‍ തീരുമാനിച്ചിരുന്നത്. മൂന്ന് ഘട്ടങ്ങളായി സംസ്ഥാനത്തെ 42 ലോക്സഭാ മണ്ഡലങ്ങളിലൂടെയായിരുന്നു യാത്ര കടന്നുപോകേണ്ടിയിരുന്നത്.
Discussion about this post