ന്യൂഡൽഹി: പാമ്പാട്ടിയുടെ കൈയ്യിൽ നിന്നും വാങ്ങിയ പാമ്പിനെ കൊണ്ട് കടിപ്പിച്ച് സ്ത്രീയെ കൊലപ്പെടുത്തി പാമ്പ് കടിയേറ്റുള്ള മരണമാക്കി തീർക്കാൻ ശ്രമിച്ച കേസിലെ പ്രതിക്ക് ജാമ്യം നിഷേധിച്ചു. സുപ്രീംകോടതിയാണ് രാജസ്ഥാനിലെ ജുൻജുനു ജില്ലയിൽ 2019ൽ നടന്ന കൊലപാതകത്തിലെ പ്രതിയായ കൃഷ്ണകുമാറിന് ജാമ്യം നിഷേധിച്ചത്. ചീഫ് ജസ്റ്റിസ് എൻവി രമണ, ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ഹിമ കോലി എന്നിവരടങ്ങിയ ബെഞ്ചാണ് പ്രതിയുടെ ജാമ്യഹർജി തള്ളിയത്.
ഈയടുത്തായി പാമ്പാട്ടികളിൽനിന്ന് വിഷമുള്ള പാമ്പിനെ വാങ്ങി ആളുകളെ കൊല്ലുന്നത് പുതിയ ട്രെൻഡായിരിക്കുകയാണെന്നും ഇത്തരം സംഭവങ്ങൾ രാജസ്ഥാനിൽ സാധാരണമായിരിക്കുകയാണെന്നും ഹർജി പരിഗണിക്കുന്നതിനിടെ ജസ്റ്റിസ് സൂര്യകാന്ത് നിരീക്ഷിച്ചു. അതേസമയം, കൃഷ്ണകുമാറിനെതിരേ നേരിട്ടുള്ള തെളിവുകളില്ലെന്നും എഞ്ചിനീയറിങ് വിദ്യാർഥിയായതിനാൽ ഭാവിയെ കരുതി ജാമ്യം അനുവദിക്കണമെന്നുമാണ് പ്രതിക്ക് വേണ്ടി ഹാജരായ ആദിത്യ ചൗധരി വാദിച്ചത്.
എന്നാൽ പ്രതിഭാഗത്തിന്റെ വാദങ്ങളെല്ലാം തള്ളിയ കോടതി, പ്രതിക്ക് ജാമ്യം നിഷേധിക്കുകയായിരുന്നു. 2019 ജൂൺ രണ്ടിനാണ് രാജസ്ഥാനിലെ ജുൻജുനു സ്വദേശിയായ സുബോദ ദേവി പാമ്പ് കടിയേറ്റ് മരിച്ചത്. കേരളത്തിലെ ഉത്ര വധക്കേസിന് സമാനമായ സംഭവങ്ങളാണ് പിന്നീട് ഇവിടെയും സംഭവിച്ചത്.
സുബോദ ദേവിയുടെ മകന്റെ ഭാര്യയായ അൽപനയും കാമുകൻ മനീഷും കൃഷ്ണകുമാറിന്റെ സഹായത്തോടെ വാങ്ങിയ പാമ്പിനെ കൊണ്ട് സുബോദ ദേവിയെ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പോലീസ് കണ്ടെത്തൽ. സുബോദ ദേവിയുടെ മരണത്തിന് പിന്നാലെ ദുരൂഹതയുണ്ടെന്നും കൊലപാതകമാണെന്ന് സംശയമുണ്ടെന്നും കാണിച്ച് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയതോടെയാണ് വലിയ കുറ്റകൃത്യം മറനീക്കിയത്.
2018 ഡിസംബർ 18നാണ് അല്പനയും സുബോദ ദേവിയുടെ മകനായ സച്ചിനും വിവാഹിതരാകുന്നത്. ഭർത്താവ് സച്ചിൻ സൈന്യത്തിലായതിനാൽ വീട്ടിൽ അൽപനയും സുബോദ ദേവിയും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. സുബോദ ദേവിയുടെ മറ്റൊരു മകനും ഭർത്താവും രാജേഷും ജോലിയാവശ്യാർഥം മറ്റൊരിടത്തായിരുന്നു താമസം. ഇതിനിടെയാണ് ജയ്പുർ സ്വദേശിയായ മനീഷുമായി അല്പന അടുപ്പത്തിലാകുന്നത്. ഫോണിലൂടെ ആരംഭിച്ച രഹസ്യബന്ധം പ്രണയമായി വളർന്നു. ഇത് സുബോദ ദേവി കണ്ടെത്തിയതോടെയാണ് അൽപനയും മനീഷും ചേർന്ന് കൊലപാതകം പ്ലാൻ ചെയ്തത്.
2019 ജൂൺ രണ്ടിനാണ് സുബോദ ദേവിയെ പാമ്പ് കടിയേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഒന്നരമാസത്തിന് ശേഷമാണ് സംഭവത്തിൽ കുടുംബം പരാതി നൽകിയത്. അന്വേഷണത്തിൽ മനീഷും അല്പനയും തമ്മിലുള്ള ബന്ധം കണ്ടെത്തി. സുബോദ ദേവി മരിച്ചദിവസം ഇരുവരും തമ്മിൽ 124 തവണ ഫോണിൽ സംസാരിച്ചതായു ഇവരുടെ സുഹൃത്തായ കൃഷ്ണകുമാറിനെ അല്പന 19 തവണ വിളിച്ചതും കണ്ടെത്തി. ചില മെസേജുകളും ഇവരുടെ ഫോണുകളിൽനിന്ന് പോലീസ് കണ്ടെടുത്തു.
പാമ്പാട്ടിയുടെ കൈയിൽനിന്ന് പതിനായിരം രൂപയ്ക്ക് മനീഷും കൃഷ്ണകുമാറും ചേർന്ന് പാമ്പിനെ വാങ്ങിയതിനും തെളിവ് ലഭിച്ചതോടെയാണ് മൂന്ന് പ്രതികളും ജയിലിലായത്. 2020 ജനുവരി നാലിനാണ് അല്പന, മനീഷ്, കൃഷ്ണകുമാർ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്. ണ്
Discussion about this post