നാസിക്: അധ്വാനിച്ച് ജീവിയ്ക്കാനുള്ള മനസ്സുണ്ടെങ്കില്‍ പരിമിതികളൊന്നും തടസ്സമാവില്ല. അത്തരത്തിലുള്ള ഒരു വൃദ്ധന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ ലോകത്ത് വൈറലാകുന്നത്. കാഴ്ച പരിമിതിയുണ്ടായിട്ടും വാഴയ്ക്കാ വറുത്തത് ഉണ്ടാക്കി വിറ്റ് ജീവിയ്ക്കുന്നയാളാണ് വീഡിയോയില്‍.
മഹാരാഷ്ട്രയില്‍നിന്നുള്ളതാണ് ഈ നല്ല കാഴ്ച. നാസിക്കിലെ മഖ്മലാബാദ് റോഡരികില്‍ വാഴയ്ക്കാ വറുത്തത് ഉണ്ടാക്കി വില്‍ക്കുകയാണ് സന്‍സ്‌കാര്‍ ഖേമാനി എന്നയാള്‍.
കാഴ്ചശക്തി ഇല്ലെങ്കിലും തൊഴിലെടുത്തു ജീവിയ്ക്കാനുള്ള മനസ്സിന് കൈയ്യടിയ്ക്കുകയാണ് സൈബര്‍ ലോകം. സന്‍സ്‌കാര്‍ ഖേമാനി എന്നയാളാണ് ഇദ്ദേഹത്തെ കുറിച്ചുള്ള വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.
വാഴയ്ക്ക അരിഞ്ഞ് തിളച്ച എണ്ണയിലേക്ക് ഇദ്ദേഹം ഇടുന്നതും ഇളക്കുന്നതുമെല്ലാം വീഡിയോയില്‍ കാണാം. പാകമായ ഉപ്പേരി മറ്റൊരു പാത്രത്തിലേക്ക് മാറ്റുകയും ചെയ്യുന്നുണ്ട്. വറുത്തുകോരിയ ഉപ്പേരി ഇദ്ദേഹത്തിന്റെ സഹായി പ്ലാസ്റ്റിക് കൂടിലേക്ക് മാറ്റുകയും ചെയ്യുന്നതും വീഡിയോയില്‍ ദൃശ്യമാണ്.
ആദരവാണ് ഈ വയോധികനോട്. നിങ്ങള്‍ക്ക് നാസിക്കില്‍ ആരെയെങ്കിലും അറിയാമെങ്കില്‍, ഈ വയോധികന്റെ അടുത്തുനിന്ന് വാഴയ്ക്കാ വറുത്തത് വാങ്ങാന്‍ പറയൂ. അദ്ദേഹത്തിന് കാഴ്ചശക്തി തിരിച്ചുകിട്ടാന്‍ നമുക്കെല്ലാവര്‍ക്കും ചേര്‍ന്ന് സഹായിക്കാം- എന്നൊരു കുറിപ്പും സന്‍സ്‌കാര്‍ പങ്കുവെച്ചിട്ടുണ്ട്. നിരവധിയാളുകളാണ് വീഡിയോയിലെ വ്യക്തിയെ അഭിനന്ദിച്ച് രംഗത്തെത്തിയിട്ടുള്ളത്.