ലക്‌നൗ: കോണ്‍ഗ്രസ് നേതാക്കളുടെ പ്രതിഷേധത്തിന് മുന്നില്‍ കീഴടങ്ങി ഉത്തര്‍പ്രദേശ് പോലീസ്. തര്‍ക്കത്തിനൊടുവില്‍ രാഹുല്‍ ഗാന്ധിയ്ക്ക് സ്വകാര്യ വാഹനത്തില്‍ തന്നെ ലഖിംപൂരിയിലേക്ക് പോകാനുള്ള അനുമതി ഉത്തര്‍പ്രദേശ് പോലീസ് നല്‍കി.
നേരത്തെ, രാഹുല്‍ യുപി പോലീസിന്റെ വാഹനത്തില്‍ തന്നെ ലഖിംപൂരിയിലേക്ക് പോകണമെന്ന് പോലീസ് ആവശ്യപ്പെട്ടിരുന്നു. പോലീസ് നിര്‍ദേശിക്കുന്ന റൂട്ട് വഴി മാത്രമേ വാഹനം കടത്തി വിടുകയുള്ളൂയെന്നും പറഞ്ഞിരുന്നു. എന്നാല്‍ അതിന് സാധിക്കില്ലെന്നും സ്വന്തം വാഹനത്തില്‍ തന്നെ പോകുമെന്ന നിലപാടില്‍ രാഹുലും സംഘവും ഉറച്ചുനിന്നു. പോലീസുകാരുടെ നിയന്ത്രണത്തില്‍ പോകാന്‍ താല്‍പര്യമില്ലെന്നും രാഹുല്‍ മറുപടി നല്‍കി.
ഇതോടെ കോണ്‍ഗ്രസ് നേതാക്കളും പോലീസും തമ്മില്‍ തര്‍ക്കം ആരംഭിച്ചു. പിന്നാലെ രാഹുലും മുഖ്യമന്ത്രിമാരായ ചരണ്‍ജിത് സിംഗ് ചന്നിയും ഭൂപേഷ് ഭാഗലും ലഖ്നൗ വിമാനത്താവളത്തില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. യുപി പോലീസ് മറ്റെന്തോ ആസൂത്രണം ചെയ്യുന്നുവെന്നും രാഹുല്‍ ആരോപിച്ചിരുന്നു. പ്രതിഷേധം തുടര്‍ന്നതോടെയാണ് രാഹുലിനെ സ്വന്തം വാഹനത്തില്‍ യാത്ര ചെയ്യാന്‍ പോലീസ് അനുവദിച്ചത്.