മുംബൈ: ആഡംബര കപ്പലിലെ ലഹരിവിരുന്ന് കേസിൽ ബോളിവുഡ് നടൻ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ അറസ്റ്റിലായതിന് പിന്നാലെ കേസിൽ രണ്ടു പേർ കൂടി അറസ്റ്റിൽ. ആഡംബര കപ്പലിൽ നിന്ന് കസ്റ്റഡിയിലെടുത്ത ഒരാളും മുംബൈ യോഗേശ്വരി ഏരിയയിൽ മയക്കുമരുന്ന് വിതരണം ചെയ്യുന്ന ഏജന്റിനെയുമാണ് നാർകോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) അറസ്റ്റ് ചെയ്തത്.
ഏജന്റിൽ നിന്ന് മെപെഡ്രോൺ മയക്കുമരുന്നും നാർകോട്ടിക് കൺട്രോൽ ബ്യൂറോ പിടിച്ചെടുത്തു. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങും. ഒക്ടോബർ രണ്ടിനാണ് ആഡംബര കപ്പലിൽ നടന്ന റെയ്ഡിൽ നടൻ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ അടക്കം എട്ടു പേരെ കസ്റ്റഡിയിലെടുത്തത്.
ആര്യൻ, അറസ്റ്റിലായ സുഹൃത്ത് അർബാസ് മർച്ചന്റ് എന്നിവരുമായി ബന്ധമുള്ള മലയാളി ശ്രേയസ് നായരെയും എൻസിബി അറസ്റ്റ് ചെയ്തിട്ടുണ്ട്. ആര്യൻ ഖാനിൽ നിന്ന് മയക്കുമരുന്ന് കണ്ടെത്തിയിട്ടില്ല. അർബാസ് മർച്ചന്റിൽ നിന്ന് ആറ് ഗ്രാമും മൂൺ മൂൺ ധമേച്ചയിൽ നിന്ന് അഞ്ച് ഗ്രാമും ചരസാണ് കണ്ടെത്തിയത്. വാട്സ്ആപ് ചാറ്റ് ചൂണ്ടിക്കാട്ടിയാണ് ആര്യൻ ഖാന്റെ കസ്റ്റഡി എൻസിബി കോടതിയിൽ ആവശ്യപ്പെട്ടത്.
Discussion about this post